ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെ, ഏറ്റവും കുറഞ്ഞവിലയിൽ പാചകവാതകം കിട്ടുന്നത് ഇന്ത്യയിലാണെന്ന് കേന്ദ്രസർക്കാർ. ആഗോളതലത്തിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യൻ കുടുംബങ്ങൾ വലിയ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ വില വർധനവിന്റെ പൂർണമായ ആഘാതം ജനങ്ങളിലേക്ക് എത്തിക്കാതെ നിയന്ത്രിത വിലയിലൂടെയും ഉജ്ജ്വല പദ്ധതിയിലൂടെയും പാചകവാതകം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 14 കിലോയുടെ എൽപിജി സിലിണ്ടറിന് ആകെ 89 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ, പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് സിലിണ്ടർ ഒന്നിന് ഫലത്തിൽ 642 രൂപ മാത്രമേ ചെലവാകൂ എന്ന് സർക്കാർ അറിയിച്ചു.

To advertise here,

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളുമാണ് വില വർദ്ധിക്കാൻ പ്രധാന കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര എൽപിജി വിലയുടെ മാനദണ്ഡമായ 'സൗദി കോൺട്രാക്ട് പ്രൈസ്' ഫെബ്രുവരിയിലെ 542.5 ഡോളറിൽനിന്ന് ജൂണിൽ 790 ഡോളറായി ഉയർന്നു. അതായത്, അന്താരാഷ്ട്ര തലത്തിൽ ഏകദേശം 46 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു സിലിണ്ടർ വിതരണംചെയ്യുന്നതിനുള്ള യഥാർത്ഥ ചെലവ് ഇപ്പോൾ 1,600 രൂപയിലധികം വരുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. ഓരോ സിലിണ്ടറിലും ഏകദേശം 700 രൂപയുടെ നഷ്ടം സർക്കാരും എണ്ണക്കമ്പനികളും വഹിക്കുന്നുണ്ടെന്നും ഈ ഭാരം ഉപഭോക്താക്കൾക്കുമേൽ ചുമത്തുനിന്നില്ലെന്നും കേന്ദ്രസർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ കേന്ദ്ര മന്ത്രിസഭ 30,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പാചകവാതക വില അയൽരാജ്യങ്ങളേക്കാളും വികസിത രാജ്യങ്ങളേക്കാളും വളരെ കുറവാണെന്ന് സർക്കാർ കണക്കുകൾ നിരത്തി വ്യക്തമാക്കി. പാകിസ്താൻ (1,046 രൂപ), നേപ്പാൾ (1,207 രൂപ), ബംഗ്ലാദേശ് (1,225 രൂപ), ശ്രീലങ്ക (1,241 രൂപ). വികസിത രാജ്യങ്ങളിൽ, അമേരിക്ക (1,755 രൂപ), ഓസ്ട്രേലിയ (1,765 രൂപ), കാനഡ (2,411 രൂപ) എന്നിങ്ങനെയാണ് നിരക്കുകളെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യയിൽ ഇന്ധന ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചുവെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര ഉൽപ്പാദനം 60 ശതമാനത്തിലധികം വർധിപ്പിക്കുകയും അമേരിക്ക, കാനഡ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി വിപുലീകരിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ വലിയ വിലവ്യതിയാനങ്ങൾ ഉണ്ടായിട്ടും വർഷങ്ങളായി പൗരന്മാർക്ക് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ പാചകവാതകം ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് കേന്ദ്രം വിശദീകരിച്ചു.