പാരിസ്: ഇന്ത്യയ്ക്ക് ഒരു റഫാൽ യുദ്ധവിമാനം നഷ്ടമായെങ്കിലും അത് ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ വെടിവെച്ചിട്ടതല്ലെന്ന് റഫാൽ വിമാനങ്ങൾ നിർമ്മിക്കുന്ന ദസോ ഏവിയേഷൻ കമ്പനി ചെയർമാനും സിഇഒയുമായ എറിക് ട്രാപിയർ. സാധാരണയിലും കവിഞ്ഞ ഉയരത്തിൽ പറക്കുകയായിരുന്ന റഫാൽ വിമാനമാണ് സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടതെന്ന് ട്രാപിയറെ ഉദ്ധരിച്ച് ഫ്രഞ്ച് വെബ്‌സൈറ്റായ അവിയോൺ ഡി ഷാസ് പറയുന്നു.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക് റഫാൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് ദസോ ചെയർമാൻ തള്ളിയത്. ഇന്ത്യ- പാക് സംഘർഷത്തിൽ വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ട്രാപിയർ ഉറപ്പിച്ചു പറയുന്നു. 12,000 മീറ്ററിലധികം ഉയരത്തിൽവെച്ച് പരിശീലനത്തിനിടെയാണ് ഒരു വിമാനം നഷ്ടപ്പെട്ട സംഭവം നടന്നതെന്നും ഇതിൽ ശത്രുക്കളുടെ ഇടപെടലോ റഡാറിൽ പതിഞ്ഞ സംഭവമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്താൻ മാധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ, റഫാലിനെ നേരിട്ടു പരാമർശിക്കാതെ ചില നഷ്ടങ്ങൾ ഉണ്ടായെന്ന് ഇന്ത്യ സമ്മതിച്ചിരുന്നു.
ഇന്ത്യൻ വ്യോമസേനയ്ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാനിൽ നിന്നാണ് കഴിഞ്ഞ മാസം ആദ്യ സ്ഥിരീകരണം വരുന്നത്. എന്നാൽ, എന്താണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല. റഫാലുകൾ ഉൾപ്പെടെ ആറ് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം തീർത്തും തെറ്റാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിനിടെ ചില നഷ്ടങ്ങൾ സംഭവിച്ചതായി ഇന്തോനേഷ്യയിലെ ഇന്ത്യൻ ഡിഫൻസ് അറ്റാഷെ നേവി ക്യാപ്റ്റൻ ശിവ് കുമാർ സമ്മതിച്ചിരുന്നു. ചില വിമാനങ്ങൾ നഷ്ടപ്പെട്ടു എന്നു താൻ സമ്മതിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
നാല് ദിവസത്തെ സംഘർഷത്തിനിടെ ഇന്ത്യയ്ക്ക് റഫാൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടു എന്ന് പറയുന്നത് തെറ്റാണെന്ന് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് നെറ്റ്‌വർക്ക് 18-നോട് സ്ഥിരീകരിച്ചു. ''നിങ്ങൾ 'റഫാലുകൾ' എന്ന് ബഹുവചനത്തിൽ ഉപയോഗിച്ചു, അത് തീർത്തും ശരിയല്ലെന്ന് എനിക്ക് ഉറപ്പ് പറയാൻ കഴിയും.'' സംഘർഷത്തിൽ ഇന്ത്യൻ സേനയ്ക്ക് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് ശേഷം റഫാലിന്റെ പോരാട്ടശേഷിയെക്കുറിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നതിൽ ചൈന പ്രധാന പങ്ക് വഹിച്ചതായി ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു.
Content Highlights: India lost one to technical malfunction, probe on’: Dassault CEO
Published: 08 Jul 2025, 12:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented