ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം എട്ടുവര്‍ഷത്തേ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് 2025 ജൂലായിലെ കണക്കുകള്‍ അനുസരിച്ച് 1.55 ശതമാനമാണ്. ജൂണ്‍ മാസത്തെ 2.10 ശതമാനം എന്ന നിലയില്‍ നിന്നാണ് പണപ്പെരുപ്പ നിരക്ക് കുത്തനെ താഴേക്ക് വന്നിരിക്കുന്നത്. ജൂണില്‍ 1.72% ആയിരുന്ന ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം ജൂലായില്‍ 1.18% ആയി കുറഞ്ഞു, അതേസമയം നഗരമേഖലയിലെ പണപ്പെരുപ്പം 2.56% ല്‍ നിന്ന് 2.05% ആയി കുറഞ്ഞു. പണപ്പെരുപ്പ നിരക്ക് കുറയുന്നത് കേന്ദ്രസര്‍ക്കാരിന് നേട്ടമാകും.
ഭക്ഷ്യമേഖലയിലാണ് പണപ്പെരുപ്പം കുത്തനെ കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് - 1.76 ശതമാനമാണ് ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം. 2019 ജനുവരിയിലെ കണക്കുകളെ അപേക്ഷിച്ച് നോക്കിയാല്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഗ്രാമീണ മേഖലയിലും നഗരമേഖലയിലും ഭക്ഷ്യമേഖലയില്‍ പണപ്പെരുപ്പത്തിന് പകരം പണച്ചുരുക്കമാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ മേഖലയില്‍ -1.74 ശതമാനവും നഗരമേഖലയില്‍ -1.90 ശതമാനവുമാണ്. പരിപ്പ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഗതാഗതം, കമ്മ്യൂണിക്കേഷന്‍, വിദ്യാഭ്യാസം, പഞ്ചസാര, മുട്ട, പലഹാരങ്ങള്‍ എന്നീ മേഖലയിലാണ് പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞത്. കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും ആശങ്കപ്പെടുത്തിയിരുന്ന ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ കുറഞ്ഞത് ആശ്വാസത്തിന് വഴിയൊരുക്കും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റ തോതുള്ള സംസ്ഥാനം കേരളമാണ്. ജൂണിലെ 6.71 ശതമാനത്തില്‍ നിന്ന് 8.89 ശതമാനത്തിലേക്കാണ് കേരളത്തിലെ പണപ്പെരുപ്പ നിരക്ക് കുതിച്ചുകയറിയത്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തിന് തിരിച്ചടിയായത്. ജൂണില്‍ 7.31 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ 10.02 എന്ന നിലയില്‍ കുത്തനെ ഉയര്‍ന്നു. നഗരങ്ങളിലേത് 5.69 ല്‍ നിന്ന് 6.77 ശതമാനവുമായി ഉയര്‍ന്നു. തുടര്‍ച്ചയായി ഏഴാം മാസമാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനമായി കേരളം നില്‍ക്കുന്നത്.
ജമ്മു കശ്മീര്‍ -3.77 ശതമാനം, പഞ്ചാബ്- 3.53 ശതമാനം, മഹാരാഷ്ട്ര - 2.28ശതമാനം തുടങ്ങിയവയാണ് പണപ്പെരുപ്പ നിരക്കില്‍ ആദ്യ അഞ്ചിലുള്ള സംസ്ഥാനങ്ങള്‍. അസം, ബിഹാര്‍, തെലങ്കാന, ഒഡീഷ, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവ്. ഇവിടങ്ങളില്‍ പണപ്പെരുപ്പ നിരക്ക് നെഗറ്റീവിലാണ്.
Content Highlights: India`s Inflation at 8-Year Low: 1.55%
Published: 12 Aug 2025, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented