ജക്കാർത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻഡൊനീഷ്യ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ അതിനിർണ്ണായകമായ പ്രതിരോധ-സാമ്പത്തിക കരാറുകളിൽ ഒപ്പുവെച്ചു. ഇൻഡൊനീഷ്യൻ സൈന്യത്തിന് ഇന്ത്യയുടെ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകളും വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന അസ്ത്ര (Astra) മിസൈലുകളും നൽകാനുള്ള സുപ്രധാന കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചതെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

ഇതിനോടൊപ്പം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വോട്ടെടുപ്പിനുപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷിന്റെ മാതൃയിൽ ഇൻഡൊനീഷ്യക്കായി പ്രത്യേക ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വികസിപ്പിക്കാൻ ഇന്ത്യ പിന്തുണ നൽകും.

ഡി.ആർ.ഡി.ഒ വികസിപ്പിച്ചതാണ് അസ്ത്ര മിസൈലുകൾ. ഓപ്പറേഷൻ സിന്ദൂർ വേളയിലെ അസ്ത്ര മിസൈലും ഇന്ത്യ- റഷ്യ സുയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് വികസിപ്പിച്ച ബ്രഹ്‌മോസ് സൂപ്പർസോണിക് കൂയിസ് മിസൈലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ പശ്ചാത്തലത്തിലാണ് കരാർ യാഥാർഥ്യമായത്. മാസങ്ങളായി ബ്രഹ്‌മോസ് മിസൈൽ കരാറിനായി ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുകയായിരുന്നു. ഇതോടെ ഫിലിപ്പിൻസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾക്ക് ശേഷം ബ്രഹ്‌മോസ് മിസൈൽ കരാറിൽ ഒപ്പിടുന്ന മൂന്നാമത്തെ കിഴക്കനേഷ്യൻ രാജ്യമായി ഇൻഡൊനീഷ്യമാറി.

 

ആയുധ ഇടപാടിന് പുറമെ, മലാക്ക കടലിടുക്കിന് സമീപം തന്ത്രപ്രധാനമായ സ്ഥാനത്തുള്ള സബാംഗ് (Sabang) തുറമുഖം ഇരുരാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കാൻ തീരുമാനിച്ചു. ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ പോർട്ട് പ്രോജക്റ്റിൽ നിന്ന് 100 മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന തുറമുഖമാണ് സബാംഗ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ഈ കരാർ. സ്റ്റീൽ, നിക്കൽ, അപൂർവ്വ ധാതുക്കൾ എന്നിവയുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഇൻഡൊനീഷ്യയിലെ ഈ മേഖലകളിൽ ഇന്ത്യ നിക്ഷേപം നടത്താനും തീരുമാനമായി.

ഇന്ത്യയുടെ ഗുണനിലവാരമുള്ള മരുന്നുകൾ ഇൻഡൊനീഷ്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുമെന്നും അവിടുത്തെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജക്കാർത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജക്കാർത്തയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ അദ്ദേഹത്തെ സ്വീകരിച്ചു. 2018-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്' ഉയർത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 6 മുതൽ 8 വരെയാണ് ഈ സന്ദർശനം.