ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്തുറ്റ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ (2025-26) അവസാന പാദത്തിൽ (ജനുവരി- മാർച്ച്) രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി. ഇതോടെ 2025-26 സാമ്പത്തിക വർഷത്തെ ആകെ വളർച്ച 7.7 ശതമാനമായി ഉയർന്നു. മുൻപ് സർക്കാർ കണക്കാക്കിയിരുന്ന 7.6 ശതമാനത്തേക്കാൾ മികച്ച വളർച്ചയാണിത്.

To advertise here,

യുഎസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യ ഈ സാമ്പത്തിക നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണ്. വിദേശ വ്യാപാര അന്തരീക്ഷം ദുർബലമായിരുന്നിട്ടും ആഭ്യന്തര ഡിമാൻഡ് ശക്തമായി തുടർന്നതാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി നിലനിർത്തുന്നത്.

വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ സേവന മേഖലകൾ 12.5 ശതമാനം എന്ന വൻ വളർച്ച കൈവരിച്ചു. ധനകാര്യം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 10.4 ശതമാനം വളർച്ചയുണ്ടായി. നിർമ്മാണ മേഖല 8.4 ശതമാനവും മാനുഫാക്ചറിംഗ് മേഖല 7.3 ശതമാനവും വളർച്ച രേഖപ്പെടുത്തി.

ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയുടെ റിയൽ ജിഡിപി (Real GDP) 87.77 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 81.40 ലക്ഷം കോടി രൂപയായിരുന്നു. നോമിനൽ ജിഡിപി (Nominal GDP) 9.1 ശതമാനം വളർച്ചയോടെ 94.65 ലക്ഷം കോടി രൂപയിലെത്തി.

അടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ചാനിരക്ക് 7 ശതമാനമായി തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എങ്കിലും, യുഎസ്-ഇറാൻ സംഘർഷം മൂലം ഉയരാൻ സാധ്യതയുള്ള എണ്ണവിലയും എൽ നിനോ പ്രതിഭാസം കാരണമുണ്ടായേക്കാവുന്ന ദുർബലമായ കാലവർഷവും കാർഷിക മേഖലയെയും ഗ്രാമീണ ഡിമാൻഡിനെയും ബാധിച്ചേക്കാമെന്ന് ഐസിആർഎ (ICRA) മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ഇന്ത്യയുടെ ജിഡിപി വളർച്ചയെ കാര്യമായി സ്വാധീനിച്ചേക്കാം.