ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനമായിരുന്നു സപ്തധാരാ പ്രതിജ്ഞ. വികസിത് ഭാരതിലേക്കുള്ള ഏഴ് മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പറഞ്ഞത്. കൃഷി മുതൽ എഐ വരെയുള്ള വൈവിധ്യമായ ഏഴ് മേഖലകളെ കുറിച്ചാണ് മോദി പ്രസംഗത്തിൽ പരാമർശിച്ചത്.

To advertise here,

ഹിന്ദു വിശ്വാസത്തിൽ നിന്നാണ് നരേന്ദ്ര മോദി സപ്തധാര എന്ന ആശയം കടമെടുത്തത്. ഹിന്ദു വിശ്വാസ പ്രകാരം ഗംഗ, യമുന, സരസ്വതി, ഗോദാവരി, നർമദ, സിന്ധു, കാവേരി എന്നീ ഏഴ് നദികളെ പവിത്രമായാണ് കണക്കാക്കുന്നത്. സപ്തനദി എന്നും സപ്തധാര എന്നും ഈ ഏഴ് നദികൾ അറിയപ്പെടുന്നു. ഈ പേരാണ് മോദി വികസിത് ഭാരതിലേക്കുള്ള കുതിപ്പിനായുള്ള പദ്ധതിക്ക് നൽകിയത്.

ഏഴ് പുണ്യനദികൾ എന്ന അർഥമുള്ള സപ്തസിന്ധു എന്നാണ് പ്രസംഗത്തിൽ മോദി ആദ്യം പറഞ്ഞത്. സപ്തസിന്ധുവിന്റെ പ്രൗഢിയിലൂടെയാണ് ഇന്ത്യ ഒരുകാലത്ത് പേരുകേട്ടിരുന്നതെന്നാണ് മോദി പറഞ്ഞത്. വികസിത ഭാരതത്തിന് ഇപ്പോൾ ആവശ്യം ശക്തിപ്രവാഹങ്ങളുടെ പുതിയൊരു കൂട്ടമാണ് ആവശ്യമെന്നും മോദി പറഞ്ഞു.

മോദി പറഞ്ഞ ഏഴ് ധാരകൾ

1. ഉത്പാദനം: ഭാവിയിലേക്കുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തേകുന്നത് ഉത്പാദനമാണ്. ഉത്പന്നങ്ങൾക്ക് പുറമെ അവ ഉണ്ടാക്കാനുള്ള ഘടകങ്ങളും ഇന്ത്യയിൽ തന്നെ നിർമിക്കണമെന്നും ആഗോള വിതരണശൃംഖലയുടെ കേന്ദ്രമായും ഇന്ത്യ മാറണം. ഫാക്ടറികൾ മത്സരാധിഷ്ഠിതവും ഉത്പന്നങ്ങൾ ഉപഭോക്തൃ സൗഹൃദവുമായിരിക്കണം. ആഗോളവിപണി എന്ന നിലയിൽ നിന്ന് ഇന്ത്യയെ ലോകത്തെ പ്രധാന ഉത്പാദന കേന്ദ്രമാക്കി മാറ്റുകയാണ് തന്റെ ആഗ്രഹമെന്നും മോദി പറഞ്ഞു.

2. കൃഷി, ഭക്ഷ്യസംസ്‌കരണം: കാർഷിക ഉത്പാദനം വർധിപ്പിക്കുക മാത്രമല്ല, ആഗോളവിപണിയിലേക്ക് അവ എത്തിക്കുന്നതിന് കൂടിയാണ് ഊന്നൽ നൽകുന്നത്. ഇന്ത്യയുടെ പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങൾ ആഗോള ബ്രാൻഡുകളാകണം. കാർഷികോത്പന്നങ്ങൾ സംസ്‌കരിക്കുന്നതിലൂടെയും കയറ്റുമതി ചെയ്യുന്നതിലൂടെയും കാർഷിക ഉത്പാദനത്തിന്റെ മൂല്യം വർധിപ്പിക്കുക എന്നതാണ് ആശയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

3. സാങ്കേതികവിദ്യ: യുപിഐ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ഈ മേഖലയിൽ മുന്നോട്ടുപോകേണ്ട ആവശ്യകതയെ കുറിച്ചും മോദി പറഞ്ഞത്. ഇന്ത്യൻ നിർമിത 6ജി ഉൾപ്പെടെയുള്ള അടുത്ത തലമുറ ആശയവിനിമയ സംവിധാനങ്ങൾ, ഡാറ്റാ സെന്ററുകൾ, റോബോട്ടിക്‌സ്, മറ്റ് വളരുന്ന സാങ്കേതികവിദ്യകൾ എന്നിവയെ അദ്ദേഹം എടുത്ത് പറഞ്ഞു. സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന എന്ന നിലയിൽ നിന്ന് അവ വികസിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന നാടായി ഇന്ത്യ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4. ഗതിശക്തി അഥവാ കണക്ടിവിറ്റി: അതിവേഗ റെയിൽ ദേശീയപാതകൾ, ഉൾനാടൻ ജലഗതാഗതം, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയെല്ലാം കൂടുതലായി ഉണ്ടാകുന്നത് വ്യവസായങ്ങളുടെ വളർച്ചയെ സഹായിക്കും. ഉത്പാദനവും കയറ്റുമതിയും നടത്തുന്ന ഒരു രാജ്യത്തിന് അടിസ്ഥാന സൗകര്യമെന്നത് മത്സരശേഷിയുടെ ഭാഗമാണ്. രാജ്യത്തിന്റെ വിശാലമായ ാമ്പത്തിക സ്വപ്‌നങ്ങൾ പൂവണിയാൻ ഗതാഗതസംവിധാനങ്ങൾ വികസിക്കേണ്ടത് പ്രധാനമാണെന്ന് മോദി പറഞ്ഞു.

5. പ്രതിരോധം: അഞ്ചാമത്തെ ധാരയായി മോദി പറഞ്ഞത് പ്രതിരോധമേഖലയാണ്. ഈ മേഖലയിൽ ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം സ്വാശ്രയത്വം നേടുക കൂടി വേണം. ലോകത്ത് വർധിച്ചുവരുന്ന അനിശ്ചിതത്വം തന്ത്രപരമായ സ്വാശ്രയത്വത്തിന്റെ പ്രാധാന്യം വർധിപ്പിച്ചു. പ്രതിരോധമേഖലയിലും ഇന്ത്യയെ ആഗോള വിതരണക്കാരാക്കണം. ഇതിനായി ഡ്രോണുകൾ, കൗണ്ടർ-ഡ്രോണുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രതിരോധ മേഖലയിലെ ഉത്പാദനം വർധിപ്പിക്കണമെന്നും മോദി പറഞ്ഞു.

6. ഗ്രീൻ-ബ്ലൂ ഇക്കണോമികൾ: രണ്ട് മേഖലകൾ സംയോജിപ്പിച്ചുള്ളതാണ് മോദിയുടെ ആറാം ധാര. പുനരുപയോഗിക്കാൻ കഴിയുന്ന ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഊർജസംഭരണം എന്നിവയിലെല്ലാം മുന്നേറ്റം നടത്തുകയെന്നതാണ് ഗ്രീൻ ഇക്കണോമി ശക്തിപ്പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സമുദ്ര സമ്പദ്‌വ്യവസ്ഥയാണ് ഗ്രീൻ ഇക്കണോമി. മത്സ്യബന്ധനം, തീരദേശ ടൂറിസം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ സമുദ്രസാധ്യതകൾ സാമ്പത്തികവളർച്ചയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് മോദി പറയുന്നു.

7. സോഫ്റ്റ് പവർ: ഇതാണ് മോദിയുടെ ഏഴാമത്തേതും അവസാനത്തേതുമായ ധാര. യോഗ, കരകൗശല വസ്തുക്കൾ, ഡിജിറ്റൽ കണ്ടന്റുകൾ, ടൂറിസം തുടങ്ങിയ മേഖലകളെയാണ് ഇവിടെ പ്രധാനമന്ത്രി പരാമർശിച്ചത്. ഇന്ത്യയ്ക്കുള്ള സാംസ്‌കാരിക സ്വാധീനം സാമ്പത്തിക-ഭൗമരാഷ്ട്രീയ സമ്പത്തായി മാറുമെന്ന പ്രത്യാശ അദ്ദേഹം പങ്കുവെച്ചു. 'നമ്മുടെ കഴിവുകൾ നമുക്ക് ലോകത്തെ കാണിക്കാൻ കഴിയും. കരകൗശലം, സംസ്‌കാരം, ഗെയിമുകൾ, ഡിജിറ്റൽ കണ്ടന്റുകൾ, വിഎഫ്എക്‌സ്, അനിമേഷൻ, എന്നിവയിലെല്ലാം ഇന്ത്യയ്ക്ക് ലോകത്തിന് മുന്നിൽ വെക്കാൻ സർഗാത്മകമായ ശക്തിയുണ്ട്. ആഗോളശേഷിയായി അതിനെ നാം വികസിപ്പിക്കണം' -മോദി പറഞ്ഞു.