മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറവില ഇനിയും ഉയർത്താത്തത് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം കൂട്ടുന്നു. പുതിയ കണക്കുകളനുസരിച്ച് 'അണ്ടർ റിക്കവറി' എന്ന രീതിയിൽ പെട്രോൾ ലിറ്ററിന് 18 രൂപയും ഡീസൽ ലിറ്ററിന് 35 രൂപവരെയും നഷ്ടമുണ്ടാകുന്നതായാണ് കണക്ക്.
ഒരു ദശാബ്ദംമുൻപാണ് അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവിലയ്ക്കനുസരിച്ച് രാജ്യത്ത് പെട്രോൾ, ഡീസൽ വില പരിഷ്‌കരിക്കുന്ന രീതി നടപ്പാക്കിയത്. എന്നാൽ, 2022 ഏപ്രിലിനുശേഷം ഇന്ധനവില മാറ്റാതെ നിർത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവില കൂടുമ്പോഴും കുറയുമ്പോഴും എക്‌സൈസ് തീരുവ ക്രമീകരിച്ച് സർക്കാർവിപണിയിലെ വില മാറ്റാതെ നിർത്തുകയാണിപ്പോൾ.
പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 50 ശതമാനംവരെ ഉയരാൻ കാരണമായിട്ടുണ്ട്. ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേർന്നുള്ള ആക്രമണം തുടങ്ങുന്ന സമയത്ത് 65 ഡോളർമുതൽ 70 ഡോളർവരെയായിരുന്നു അസംസ്‌കൃത എണ്ണവില. ഇപ്പോഴിത് വീപ്പയ്ക്ക് 95 ഡോളറിനും 110 ഡോളറിനും ഇടയിൽ നീങ്ങുകയാണ്.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ അസംസ്‌കൃത എണ്ണവില വർധനയുടെ പശ്ചാത്തലത്തിൽ മാർച്ച് പകുതിയിൽ ദിവസം 2,400 കോടി രൂപയുടെ നഷ്ടം നേരിടുന്നതായാണ് കണക്ക്. സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ പത്തുരൂപവീതം കുറച്ചതിനുശേഷമിത് ദിവസം 1,600 കോടി രൂപയായി താഴ്ന്നു. ജനുവരി- ഫെബ്രുവരി മാസങ്ങളിൽ കമ്പനികളുണ്ടാക്കിയ ലാഭംമുഴുവൻ മാർച്ചിൽ നഷ്ടമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ നാലു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതും ഇന്ധനവില ഉയർത്താതിരിക്കാൻ കാരണമാണ്. ഏപ്രിൽ 29-ന് പശ്ചിമബംഗാളിലെയും തമിഴ്‌നാട്ടിലെയും തിരഞ്ഞെടുപ്പു പൂർത്തിയാകുന്നതോടെ വിലവർധന നടപ്പാക്കിയേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയിൽ ഉപയോഗിക്കുന്നതിന്റെ 88 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഏതു മാറ്റവും വിപണിയെ ബാധിക്കും. മൊത്തം ഇറക്കുമതിയുടെ 45 ശതമാനംവരെ മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നാണ്. 35 ശതമാനം വിഹിതവുമായി റഷ്യയാണ് മുന്നിൽ. അമേരിക്കയിൽനിന്ന് ആറുശതമാനം എണ്ണ വാങ്ങുന്നുണ്ട്. യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ചരക്കുനീക്കം തടസ്സപ്പെട്ടതിനെത്തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നടക്കം ഇന്ത്യ കൂടുതൽ എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് പെട്രോൾ, ഡീസൽ ഉത്പന്നങ്ങൾക്കുമേൽ കേന്ദ്രസർക്കാർ ചുമത്തുന്ന നികുതിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പെട്രോളിന് 11.9 രൂപയും ഡീസൽ ലിറ്ററിന് 7.8 രൂപയുമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നികുതി കുറയ്ക്കുന്നതിനുപകരം അടുത്ത പടിയായി വില വർധന നടപ്പാക്കുന്നതിനാണ് സാധ്യത കൂടുതൽ. ഏപ്രിലിൽ ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരി വില വീപ്പയ്ക്ക് 123.24 ഡോളറാണ്. മാർച്ചിലിത് 113.49 ഡോളറായിരുന്നു.
Content Highlights: Public sector oil companies facing daily losses of 1,600 crore rupees., Crude oil prices surged to $123 per barrel in April 2026
Published: 15 Apr 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented