ന്യൂഡല്‍ഹി: ലോകത്ത് ഏത് ഭൂഖണ്ഡങ്ങളിലും ചെന്ന് ആക്രമിക്കാൻ പ്രാപ്തിയുള്ള ബോംബര്‍ വിമാനങ്ങള്‍ സ്വന്തമായുള്ളത് മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ്. യു.എസ്, റഷ്യ, ചൈന എന്നിവരാണ ആ മൂന്ന് രാജ്യങ്ങള്‍. ആ പട്ടികയിലേക്ക് എത്താനൊരുങ്ങുകയാണ് ഇന്ത്യ. വ്യോമസേനയ്ക്ക് വേണ്ടി അത്തരമൊരു സ്ട്രാറ്റജിക് ബോംബര്‍ വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുവെന്നാണ് പ്രതിരോധ മാധ്യമങ്ങള്‍ നൽകുന്ന സൂചന.
അള്‍ട്രാ ലോങ് റേഞ്ച് സ്‌ട്രൈക്ക് എയര്‍ക്രാഫ്റ്റ് ( ULRA) എന്ന് പേരിട്ടിരിക്കുന്ന ബോംബര്‍ വിമാന പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും കുറഞ്ഞത് 12,000 കിലോമീറ്റര്‍ ദൂരം വരെ പറന്ന് ചെന്ന് ആക്രമണം നടത്താന്‍ കഴിയുന്ന ബോംബര്‍ വിമാനമാണ് വികസിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഷ്യയുടെ ടി.യു-160, യു.എസിന്റെ ബി-21 തുടങ്ങിയ ബോംബര്‍ വിമാനങ്ങളുടെ ഡിസൈനുകളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഇന്ത്യയുടെ തദ്ദേശീയ സ്ട്രാറ്റജിക് ബോംബര്‍ വികസിപ്പിക്കുക എന്നാണ് പ്രാഥമിക വിവരം.
റഡാര്‍ നിരീക്ഷണങ്ങളെ മറികടക്കുന്ന സ്റ്റെല്‍ത്ത് ശേഷി, വന്‍തോതില്‍ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി എന്നിവ ഇന്ത്യയുടെ അള്‍ട്രാ ലോങ് റേഞ്ച് സ്‌ട്രൈക്ക് എയര്‍ക്രാഫ്റ്റിനുണ്ടാകും. പദ്ധതി യാഥാര്‍ഥ്യത്തിലെത്തിയാല്‍ ലോകത്ത് എവിടെ വേണമെങ്കിലും ചെന്ന് ആക്രമണം നടത്താനുള്ള ശേഷി ഇന്ത്യന്‍ വ്യോമസേന ആര്‍ജിക്കും. ആണവായുധ ആക്രമണമുണ്ടായാല്‍ എവിടെ ചെന്നും ആണവ ബോംബുകള്‍ വര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. നിലവില്‍ ആണവ പ്രത്യാക്രമണത്തിന് ഇന്ത്യയുടെ പക്കല്‍ ഭൂഖണ്ഡാന്തര മിസൈലുകളാണ് ഉള്ളത്. ഇവയുടെ പരിമിതികളെ മറികടക്കുന്നവയാണ് സ്ട്രാറ്റജിക് ബോംബറുകള്‍.
12,000 കിലോയോളം (12 ടണ്‍) ആയുധങ്ങള്‍ വഹിച്ചുകൊണ്ട് 12,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന അള്‍ട്രാ ലോങ് റേഞ്ച് സ്‌ട്രൈക്ക് എയര്‍ക്രാഫ്റ്റാണ് ഇന്ത്യ വികസിപ്പിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്‌മോസ് എന്‍ജി സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, അഗ്നി-1പി ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍, ലേസര്‍ ഗൈഡഡ് ബോബുകള്‍, റഡാര്‍ സംവിധാനങ്ങളെ കണ്ടെത്തി നശിപ്പിക്കുന്ന ആന്റി റേഡിയേഷന്‍ മിസൈലുകള്‍ എന്നിവ വഹിക്കാനുള്ള ശേഷിയാണ് ഇന്ത്യയുടെ ബോംബര്‍ വിമാനത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി ഇന്ത്യയുടെ ആക്രമണത്തിന് മൂര്‍ച്ചകൂട്ടും.
ഇതിനായി സാങ്കേതിക സഹായങ്ങള്‍ റഷ്യയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ അവരുടെ ടി.യു-160 ബോംബറിന്റെ അനുഭവജ്ഞാനം ഇന്ത്യയുമായി പങ്കുവെച്ചേക്കും. എയര്‍ഫ്രെയിം രൂപകല്‍പ്പന, പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ എന്നിവ വികസിപ്പിക്കാനാവശ്യമായ അറിവുകള്‍ റഷ്യയില്‍ നിന്ന് സ്വായത്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഫ്രാന്‍സില്‍ നിന്ന് ബോംബര്‍ വിമാനത്തിനാവശ്യമായ ഏവിയോണിക്‌സ്, സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ എന്നിവയ്ക്കാവശ്യമായ വിവരങ്ങളും ലഭിച്ചേക്കും. ശത്രുരാജ്യങ്ങളുടെ വ്യോമമേഖലയിലേക്ക് കടന്നുകയറുമ്പോള്‍ പരമാവധി അതിജീവനം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.
12 ടണ്‍ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയാണ് പ്രാഥമിക ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്. എന്നാല്‍ റഷ്യന്‍ ബോംബറിന് 40 ടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. യു.എസിന്റെ ബി-21 ബോംബറിന് 10 ടണ്‍ ആണ് ആയുധ വാഹക ശേഷി. റഷ്യന്‍ ബോംബറിന് 12,300 കിലോമീറ്റര്‍ ദൂരം വരെ തുടര്‍ച്ചയായി പറക്കാനാകും. യു.എസ് ബോംബറിന് 10,000 കിലോമീറ്ററും.
എന്നാല്‍ ഏത് എന്‍ജിനാണ് ഇതിനായി വേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. പ്രാഥമികമായി റഷ്യയുടെ എന്‍.കെ-32 എന്ന റഷ്യന്‍ ബോംബറിന്റെ എന്‍ജിനാണ് ഉദ്ദേശിക്കുന്നത്. 245 കിലോന്യൂട്ടണ്‍ ത്രസ്റ്റ് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കരുത്തുറ്റ എന്‍ജിനാണിത്. അല്ലെങ്കില്‍ യുഎസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ ജി.ഇ-414 എന്‍ജിനെ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കാമെന്നാണ് കരുതുന്നത്. ഇതിന് നിലവില്‍ 98കിലോ ന്യൂട്ടണ്‍ ത്രസ്റ്റ് മാത്രമേ ഉത്പാദിപ്പിക്കാനാകു. വലിയതോതില്‍ ആയുധങ്ങള്‍ വഹിക്കുന്ന ബോംബര്‍ വിമാനത്തിന് കൂടുതല്‍ ത്രസ്റ്റ് ഉത്പാദിപ്പിക്കാനാകുന്ന എന്‍ജിന്‍ വേണം. അതിന് ജി.ഇ-414 എന്‍ജിനെ പരിഷ്‌കരിക്കേണ്ടി വരും. എങ്കിലും പ്രാഥമിക ലക്ഷ്യം റഷ്യന്‍ എന്‍ജിനാണെന്നാണ് വിവരങ്ങള്‍. രണ്ട് അല്ലെങ്കില്‍ നാല് എന്‍ജിനുകള്‍ ഉള്ള യുദ്ധവിമാനമായിരിക്കും. ഏത് എന്‍ജിനാണ് എന്നത് പരിഗണിച്ച് അവസാനഘട്ട ഡിസൈനില്‍ മാറ്റമുണ്ടാകും.
നിലവില്‍ ഇന്ത്യയ്ക്ക് മൂന്ന് തരത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയുണ്ട. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, അന്തര്‍വാഹിനിയില്‍ നിന്ന് പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാവുന്ന ഷോര്‍ട്ട് റേഞ്ച് മിസൈലുകള്‍ എന്നിവയാണവ. എന്നാല്‍ ഒരു സ്ട്രാറ്റജിക് ബോംബര്‍ ഉണ്ടായാല്‍ ലോകത്ത് എവിടെ വേണമെങ്കിലും കരമാര്‍ഗമോ, സമുദ്രമാര്‍ഗത്തിലൂടെയോ ആകാശമാര്‍ഗത്തിലൂടെയോ ആണവാക്രമണം നടത്താനുള്ള ശേഷി ഇന്ത്യ ആര്‍ജിക്കും. മറ്റ് രാജ്യങ്ങളുടെ വ്യോമതാവളങ്ങളില്‍ ഇറങ്ങി ഇന്ധനം നിറച്ച് വീണ്ടും പറക്കേണ്ടി വരിക എന്ന പരിമിതി മറികടക്കാനാകും. മാത്രമല്ല ഒറ്റ ദൗത്യത്തില്‍ തന്നെ വലിയ തോതിലുള്ള ആക്രമണം നടത്താനുമാകും.
ആയുധങ്ങള്‍ വഹിക്കാനുള്ള പ്രത്യേക അറ (ബോംബ് ബേ) എങ്ങനെയുണ്ടാകണമെന്ന കാര്യത്തില്‍ ഡിസൈന്‍ ഘട്ടം കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോംബര്‍ വിമാനത്തിന്റെ പ്രാഥമിക ഡിസൈന്‍ വരുംവര്‍ഷങ്ങളില്‍ പുറത്തുവിടും. 2035ല്‍ തന്നെ പ്രോട്ടോടൈപ്പ് പരീക്ഷണം ആരംഭിക്കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വികസന പദ്ധതികള്‍ നടക്കുന്നത്. പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയായി ഇത് മാറും. കുറഞ്ഞത് 12 മുതല്‍ 14 ബോംബര്‍ വിമാനങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ശതകോടി ചെലവാകുമെന്നതിനാല്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ വന്‍ വര്‍ധന ഉണ്ടാക്കിയേക്കാവുന്ന നീക്കമാണ് നടക്കാന്‍ പോകുന്നത്.
Content Highlights: India Developing New 12,000 km Stealth Bomber
Published: 17 Jul 2025, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented