ന്യൂഡല്‍ഹി: കാനഡയിലെ ഗുണ്ടാത്തലവനായ ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ. യു.എ.പി.എ. പ്രകാരമാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്. റാപ്പ് താരവും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയ ആളാണ് ഗോള്‍ഡി ബ്രാര്‍. ഖലിസ്ഥാന്‍ അനുകൂല ഭീകരസംഘമായ ബബ്ബര്‍ ഖസ്‌ലയുടെ ഭാഗമാണ് ഗോള്‍ഡി. 

To advertise here,

സതീന്ദര്‍ജിത് സിങ് എന്ന ഗോള്‍ഡി ബ്രാര്‍ കാനഡയിലെ ബ്രാംപ്റ്റണിലാണ് താമസം. 2017-ലാണ് ഇയാള്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് പോയത്. കാനഡയിലെത്തിയ ഇയാള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കൊലപാതകവും കൊള്ളയുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ഇയാള്‍ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്‌നോയിയുടെ അടുത്ത അനുയായിയാണ്. 

നിരവധി കൊലപാതകങ്ങളുടെ സൂത്രധാരനായ ഗോള്‍ഡിക്ക് നേതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുക, കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകളിടുക, അപകടകരമായ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഡ്രോണുകള്‍ ഉപയോഗിച്ച് അതിര്‍ത്തി കടത്തുക തുടങ്ങിയ കൃത്യങ്ങളിലും പങ്കുണ്ട്. കഴിഞ്ഞവര്‍ഷം ഇയാള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

2022 മേയ് 29-നാണ് പഞ്ചാബി റാപ്പ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചായിരുന്നു കൊലപാതകം. സ്വന്തം വാഹനത്തില്‍ സഞ്ചരിക്കവെ സിദ്ദു ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വി.ഐ.പി. സുരക്ഷ പിന്‍വലിച്ചതിന് പിറ്റേദിവസമായിരുന്നു കൊലപാതകം.