ന്യൂഡൽഹി: യുഎഇയ്ക്കെതിരായ ആക്രമണത്തിൽ ഇറാനെതിരേ വിമർശനവുമായി ഇന്ത്യ. ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി ഇന്ത്യ അപലപിച്ചു. ഈ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

To advertise here,

ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം ഇറാനെതിരേ വിമർശനവുമായി രംഗത്തെത്തിയത്.

ഫുജൈറയിൽ ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കാനിടയായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത്തരം ശത്രുതാപരമായ നീക്കങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്കും നിരപരാധികൾക്കും നേരെയുള്ള ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണം. വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ അറിയിച്ചു.

നയതന്ത്ര ഇടപെടലിലൂടെയും ചർച്ചയിലൂടെയും പശ്ചിമേഷ്യയിലെ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഹോർമൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരവും വ്യാപാരവും തടസ്സമില്ലാതെ നടക്കണം. മേഖലയിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.