ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യാ- ചൈന വിദേശകാര്യ മന്ത്രിമാർ ചര്‍ച്ച നടത്തി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചർച്ചയായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുമുള്ള നടപടികളുടെ ഭാഗമായാണ് വാങ് യീ ഇന്ത്യയിലെത്തിയത്. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടേയും അനുകൂലനിലപാട് നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും ചൈനയും ഏറ്റവും കരുത്തുറ്റ രണ്ട് ഏഷ്യന്‍ രാജ്യങ്ങളാണെന്നുള്ളത് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ഉഭയകക്ഷിബന്ധത്തെ കുറിച്ചുള്ള പുനരവലോകനത്തിന് വാങ് യീയുടെ സന്ദര്‍ശനം അവസരമൊരുക്കുന്നതായി എസ്. ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തിലെ കഠിനമായ കാലത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും അതില്‍നിന്ന് മുന്നോട്ടുനീങ്ങാനാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ആത്മാര്‍ഥവും ക്രിയാത്മകവുമായ സമീപനം ഇരുഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അതിനായി പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താത്പര്യം എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികവും വാണിജ്യപരവുമായ പ്രശ്നങ്ങള്‍, തീര്ഥാടനങ്ങള്, ജനങ്ങള്‍ക്കിടയിലെ സമ്പര്‍ക്കം, നദികളിലെ ജലനിരപ്പ് സംബന്ധിച്ചുള്ള വിവരങ്ങളുടെ പങ്കുവെക്കല്‍, അതിര്‍ത്തി വഴിയുള്ള വ്യാപാരം, ഉഭയകക്ഷി കൈമാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുരാഷ്ട്രങ്ങളുടേയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയങ്ങളായെന്നും ജയശങ്കര്‍ വ്യക്തമാക്കി.
ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന അനുകൂലസമീപനത്തിന് അതിര്‍ത്തിമേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സഹായകമാകുമെന്ന് ജയശങ്കര്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയില്‍ അയവുണ്ടാകേണ്ടതുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സ്വാഭാവികമായും അന്താരാഷ്ട്ര സാഹചര്യം കടന്നുവരും. ഏഷ്യ ഉള്‍പ്പെടുന്ന, പ്രസന്നവും സന്തുലിതവുമായ ഒരു ബഹുധ്രുവീകൃതലോകമാണ് ലക്ഷ്യമിടുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. ഇതോടൊപ്പം ആഗോള സമ്പദ് വ്യവസ്ഥയുടെ സ്ഥിരത നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളുടേയും താത്പര്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പ്രാധാന്യവും പരിഹാരവും നല്കുന്ന സ്ഥിരവും സഹവര്‍ത്തിത്വമുള്ളതുമായ ഒരു ബന്ധത്തിനായാണ് ശ്രമിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.
വളം, അപൂര്‍വ ധാതുക്കള്‍, തുരങ്ക നിര്‍മാണ മെഷീനുകള്‍ തുടങ്ങി ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ചൈന ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍, അത്യാധുനിക സൈനിക ഉപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാവശ്യമായ സുപ്രധാനഘടകമാണ് അപൂര്‍വധാതുക്കള്‍. ധാതുക്കളുടെ സമ്പുഷ്ടമായ ശേഖരം ചൈനയുടെ പക്കലുണ്ട്. അതാണ് ചൈനയെ ആഗോള സാങ്കേതികവിദ്യാമേഖലയില്‍ പ്രഥമസ്ഥാനത്ത് തുടരാന്‍ സഹായിക്കുന്നത്. യുഎസില്‍ നിന്ന് ഇന്ത്യ നേരിടുന്ന തീരുവ സമ്മര്‍ദത്തെ കുറിച്ചും വാങ് യീ പരാമര്‍ശിച്ചതായും ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
'ഏകപക്ഷീയമായ മുട്ടാളത്തം അനിയന്ത്രിതമായിരിക്കുകയാണെ'ന്ന് ഡൊണാള്‍ഡ് ട്രംപിനെ ലക്ഷ്യമാക്കി വാങ് യീ പറഞ്ഞതായി പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ അവസാനിപ്പിക്കണണെന്നും വാങ് യീ അഭിപ്രായപ്പെട്ടു. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ ചൊവ്വാഴ്ച ചര്‍ച്ച നടത്തുകയാണ്.
Content Highlights: Indian & Chinese Foreign Ministers discussed border issues & bilateral ties in New Delhi
Published: 19 Aug 2025, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented