ന്യൂഡൽഹി: ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം നാഥുലാ ചുരം വഴിയുള്ള വ്യാപാരം പുനരാരംഭിച്ച് ഇന്ത്യയും ചൈനയും. കോവിഡും അതിർത്തി സംഘർഷങ്ങളും കൊണ്ടാണ് 2020-ൽ ഇതുവഴിയുള്ള വ്യാപാരം നിർത്തിവെച്ചത്. ഓഗസ്റ്റ് 1 മുതൽ ഇത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം നാഥുലാ പാത വഴിയുള്ള കൈലാസ മാനസ സരോവർ യാത്രയും പുനരാരംഭിച്ചിട്ടുണ്ട്.
സിക്കിമിലെ ഷെറാതാങ്ങിനെ ടിബറ്റിലെ റിൻചെൻഗംഗുമായി ബന്ധിപ്പിക്കുന്ന സിൽക്ക് റൂട്ടിന്റെ ഭാഗമാണ് നാഥുലാ ചുരം. വർഷങ്ങളോളം അടച്ചിട്ടതിനാലും കഠിനമായ ഹിമാലയൻ ശൈത്യവും കാരണം നാഥുലാ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വ്യാപാരം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇവയെല്ലാം പുനഃസ്ഥാപിച്ചു. ഓഗസ്റ്റ് 1 മുതലാണ് ഈ പാത വഴി വ്യാപാരം വീണ്ടും പ്രവർത്തനക്ഷമമായത്. നിശ്ചിത ഉൽപ്പന്നങ്ങൾ മാത്രം കൈമാറ്റം ചെയ്യാനാണ് നിലവിൽ അനുമതിയുള്ളത്. അതിർത്തിയിലുള്ള ജനവിഭാഗങ്ങൾക്കിടയിലെ സാമ്പത്തിക വിനിമയം പുനരുജ്ജീവിപ്പിക്കുക, പ്രാദേശിക വ്യാപാരം വർധിപ്പിക്കുക, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ പാത തുറക്കുന്നതിന്റെ പിന്നിലെ പ്രധാനലക്ഷ്യങ്ങൾ.
ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളുടെയും നയതന്ത്ര ഇടപെടലുകളുടെയും ഫലമായാണ് പാത വീണ്ടും തുറക്കാൻ തീരുമാനിച്ചത്. പരിമിതമായ തോതിൽ സാമ്പത്തിക, സാംസ്‌കാരിക വിനിമയങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക ഉത്പന്നങ്ങൾ കൈമാറുന്നതിനായി ഈ മേഖലയിലെ വ്യാപാരികൾക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾക്കും ശൈത്യകാലത്തിനും അനുസൃതമായി നിയന്ത്രണങ്ങളോടെയാണ് ഈ വാണിജ്യ വിനിമയം നടക്കുക.
വ്യാപാരബന്ധം വീണ്ടും ആരംഭിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും. നയതന്ത്ര ബന്ധങ്ങൾ സുസ്ഥിരമാക്കുന്നതിനും അതിർത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Content Highlights: Trade operations via Nathu La resumed on August 1, 2026., Kailash Mansarovar Yatra pilgrimage officially restarted., Infrastructure at Nathu La Integrated Check Post has been restored., Focus on reviving local economic exchange and bilateral stability., Strict trade regulations in place due to Himalayan weather conditions.
Published: 01 Aug 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented