ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ണായക അഭിപ്രായസമന്വയത്തിലെത്തിയതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും ചൈനീസ് അംബാസഡര്‍ ഷു ഫിയോങ് വ്യക്തമാക്കി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ 80-ാം വാര്‍ഷികം സംബന്ധിച്ച സെമിനാറിലാണ് ചൈനീസ് അംബാസഡറിന്റെ പ്രഖ്യാപനം.

To advertise here,

അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ -Working Mechanism for Consultation and Coordination (WMCC) എന്നൊരു സമിതി ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഷു ഫിയോങ് പറഞ്ഞു. വളരെ പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനുള്ള പാക്കേജാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയിലെ തര്‍ക്കങ്ങള്‍ പലതവണ നേരിട്ടുള്ള സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുണ്ടായ നയതന്ത്ര സമ്മര്‍ദ്ദങ്ങളും സൈനിക വിന്യാസങ്ങള്‍ക്കും ശേഷം വിഷയം പരിഹരിക്കാന്‍ ചൈന താത്പര്യം കാണിക്കുന്നുവെന്നതിന്റെ സൂചനയാണ് ചൈനീസ് അംബാസഡറില്‍ നിന്ന് ലഭിക്കുന്നത്. 

ഇന്ത്യാ ചൈന ബന്ധം ദീര്‍ഘകാല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണെന്നും ചെറിയ അഭിപ്രായവ്യത്യാസങ്ങളില്‍ ഊന്നിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടോ നടപടികള്‍കൊണ്ടോ അല്ല നിര്‍ണയിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്പരം സഹായിക്കുന്ന, ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന നല്ല അയല്‍ക്കാരും സുഹൃത്തുക്കളുമായിരിക്കുക എന്നതാണ് ഇരുരാജ്യങ്ങള്‍ക്കും ശരിയായ തിരഞ്ഞെടുപ്പ്. ഇന്ത്യയിലെ കമ്പനികളോട് ചൈനയില്‍ നിക്ഷേപം നടത്താനും അതുപോലെ ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയിലും അവസരങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.