ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ- അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ ( മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ കോറിഡോര്‍- എംഎഎച്ച്എസ്ആര്‍) വയഡക്ടിന്റെ നിര്‍മാണം 300 കിലോമീറ്റര്‍ പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച അറിയിച്ചു. ഫുള്‍ സ്പാന്‍ ലോഞ്ചിങ് മെത്തേഡിലൂടെ (എഫ്എസ്എല്‍എം) നിര്‍മിക്കുന്ന ഉപരിഘടനയുടെ വീഡിയയോയും മന്ത്രി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. അതിനൂതന സാങ്കേതികവിദ്യയായ എഫ്എസ്എല്‍എം ആദ്യമായാണ് ഇന്ത്യയില്‍ ഉപയോഗപ്പെടുത്തുന്നത്. 

To advertise here,

ഇന്ത്യയുടെ സാമ്പത്തിക ഹബ്ബായ മുംബൈയേയും രാജ്യത്തെ പ്രധാനനഗരങ്ങളിലൊന്നായ അഹമ്മദാബാദിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നീളം 508.18 കിലോമീറ്ററാണ്. ഗുജറാത്തിലെ സൂറത്തിനുസമീപം 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  ഗര്‍ഡര്‍ കൂടി സ്ഥാപിച്ചതോടെയാണ് പാതാ നിര്‍മാണത്തിന്റെ 300 കിലോമീറ്റര്‍ പൂര്‍ത്തിയായത്. 

300 കിലോമീറ്റര്‍ പാതയുടെ ഉപരിഘടനയുടെ 257.4 കിലോമീറ്റര്‍ നിര്‍മാണം എഫ്എസ്എല്‍എം വഴിയാണ് പൂര്‍ത്തിയായത്. നദികള്‍ക്ക് കുറുകേയുള്ള 14 പാലങ്ങള്‍, 37.8 കിലോമീറ്റര്‍ നിര്‍മാണം സ്പാന്‍ ബൈ സ്പാന്‍ മെത്തേഡിലൂടെയും (എസ്ബിഎസ്). 0.9 കിലോമീറ്റര്‍ ഉരുക്കുപാലങ്ങള്‍ (60 മുതല്‍ 130 മീറ്റര്‍ ദൈര്‍ഘ്യമുള്ള 7 പാലങ്ങള്‍), 1.2 കിലോമീറ്റര്‍ പിഎസ് സി പാലങ്ങള്‍ (40 മുതല്‍ 80 മീറ്റര്‍ നീളമുള്ള അഞ്ച് പാലങ്ങള്‍), 2.7 കിലോമീറ്റര്‍ വരുന്ന സ്‌റ്റേഷന്‍ കെട്ടിടം എന്നിവയാണ് 300 കിലോമീറ്ററില്‍ പൂര്‍ത്തിയായിരിക്കുന്നത്. 

നിര്‍മാണപ്രവൃത്തി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ എഫ്എസ്എല്‍എം സഹായകമായതായി എംഎഎച്ച്എസ്ആര്‍ അധികൃതര്‍ പറഞ്ഞു. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി പത്തുമടങ്ങ് വേഗത്തില്‍ ഗര്‍ഡര്‍ സ്ഥാപിക്കാനും സാധ്യമായി. പദ്ധതിയുടെ 383 കിലോമീറ്റര്‍ ദൂരത്തിലുള്ള തൂണുകളുടെ നിര്‍മാണം 326 കിലോമീറ്റര്‍ ദൂരം ഗര്‍ഡര്‍ കാസ്റ്റിങ് എന്നിവയും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 

ഗുജറാത്തില്‍ ഒന്‍പത് സ്റ്റേഷനുകളും മഹാരാഷ്ട്രയില്‍ മൂന്ന് സ്റ്റേഷനുകളും ഉള്‍പ്പെടെ 12 സ്റ്റേഷനുകളാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലുള്ളത്. മുംബൈയിലെ ഒരു ഭൂഗര്‍ഭ സ്‌റ്റേഷനും താനെ, വിരാര്‍, ബോയ്‌സര്‍, വാപി, ബിലിമോറ, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നീ സ്‌റ്റേഷനുകള്‍ ഉയര്‍ത്തിയുമാണ് നിര്‍മിക്കുന്നത്. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. ഇതില്‍ 10,000 കോടി രൂപ കേന്ദ്രസര്‍ക്കാരും ഗുജറാത്തും മഹാരാഷ്ട്രയും 5000 കോടി രൂപ വീതവും വഹിക്കും. 2028 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഏപ്രില്‍ മാസം പറഞ്ഞിരുന്നു.