ന്യൂഡൽഹി: ഇറാനുനേരേയുള്ള ഇസ്രയേൽ-യു.എസ്. സംയുക്ത ആക്രമണത്തിന്റെ ആറാംദിനം അയത്തുള്ള അലി ഖമീനിയുടെ വധത്തിൽ മൗനംവെടിഞ്ഞ് കേന്ദ്രസർക്കാർ. വ്യാഴാഴ്ച ഡൽഹിയിലെ ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഖമീനിയുടെ മരണത്തിൽ ഇന്ത്യയുടെ ദുഃഖം പ്രകടിപ്പിച്ച് അനുശോചനപുസ്തകത്തിൽ ഒപ്പിട്ടു. സംഘർഷം സംബന്ധിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറും പറഞ്ഞു.

To advertise here,

ഖമീനി കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികരിക്കുകയോ അനുശോചിക്കുകയോ ചെയ്യാത്ത കേന്ദ്രനിലപാട് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശ്രീലങ്കൻതീരത്തോടുചേർന്ന് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ്‌. ദേന യു.എസ്. തകർത്തതും കേന്ദ്രത്തെ പ്രതിരോധത്തിലാക്കി. നാവികസേനയുടെ മിലൻ-2026 വ്യോമാഭ്യാസപ്രകടനത്തിൽ പങ്കെടുത്ത് തിരിച്ചുപോകുകയായിരുന്ന യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടത് ഗൗരവമായ മാനങ്ങൾനൽകിയെങ്കിലും ഇന്ത്യ പ്രതികരിച്ചില്ല.

ഇറാൻസേനയെ ഇന്ത്യ ക്ഷണിച്ചുവരുത്തി അപമാനിച്ചെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും ആരോപിച്ചു. തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ വിഷയം കത്തിക്കയറിയേക്കും. ഇന്ത്യയുമായി നല്ല ബന്ധംപുലർത്തുന്ന ഇറാനുനേരേയുള്ള ഏകപക്ഷീയമായ ആക്രമണത്തിൽ പ്രതിഷേധിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവുകേടായും പ്രതിപക്ഷം മുദ്രകുത്തി.

സാങ്കേതികമായി ഇന്ത്യയുടെ സമുദ്രാതിർത്തിയിലല്ല സംഭവമെന്ന് പറഞ്ഞാലും, ഇന്ത്യൻ മഹാസമുദ്രത്തിൽ നിർണായകമായ മേഖലയിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ചൈനയുടെ സ്വാധീനത്തിലുള്ള ദക്ഷിണചൈനക്കടലിൽ ഇത്തരമൊരു ആക്രമണത്തിന് അമേരിക്ക ധൈര്യപ്പെടുമായിരുന്നോയെന്ന ചോദ്യവും ഉയരുന്നുണ്ട്. യുദ്ധം ഇന്ത്യക്കുസമീപത്തേക്ക്‌ എത്തിച്ചതിൽ ശക്തമായി പ്രതികരിക്കണമെന്നാവശ്യവും ശക്തമാണ്.

നാവികസേന മുൻ മേധാവി അഡ്മിറൽ അരുൺ പ്രകാശ് ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ അതിഥിയായിരുന്നെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നതായി ഒരു അമേരിക്കൻ ചാനൽ നടത്തിയ അവകാശവാദങ്ങൾ വിദേശകാര്യമന്ത്രാലയം നിഷേധിച്ചെങ്കിലും ഇതും സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി.

ദേന ഇന്ത്യൻ നാവികസേനയുടെ അതിഥിയാണെന്ന് ഇറാൻ പറയുന്നുണ്ടെങ്കിലും, ഫെബ്രുവരി 28-ന് യുദ്ധം പ്രഖ്യാപിച്ചതിനുശേഷം കപ്പൽ ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രനിലപാട്.