ന്യൂഡൽഹി: ബി.ജെ.പി.യും ആർ.എസ്.എസും രാജ്യത്തെ ജനാധിപത്യം അപകടത്തിലാക്കുകയാണെന്നും ഭിന്നതകളെല്ലാംമറന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്നും ആഹ്വാനംചെയ്ത് ‘ഇന്ത്യ’സഖ്യം. ഡൽഹിയിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ തിങ്കളാഴ്ച രാവിലെ ചേർന്ന 23 പ്രതിപക്ഷപാർട്ടികളുടെ യോഗത്തിലാണ് ഐക്യാഹ്വാനം. സോണിയാഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേഷ് അടക്കമുള്ള മുതിർന്നനേതാക്കൾ പങ്കെടുത്ത യോഗത്തിൽ മറ്റു കക്ഷിനേതാക്കൾ കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമുയർത്തി.

To advertise here,

കോൺഗ്രസിന്റെ നിലപാട് പലപ്പോഴും പ്രതിപക്ഷ ഐക്യത്തിന് ദേശീയതലത്തിൽ വിള്ളൽ വീഴ്ത്തിയതായും ഇനിയതുണ്ടാവരുതെന്നും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. നിയമസഭാതിരഞ്ഞെടുപ്പു വേളയിൽ പിണറായി വിജയനെതിരേ രാഹുലും ഖാർഗെയും പ്രസംഗിച്ചതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എം. നേതാവ് ജോൺ ബ്രിട്ടാസും രംഗത്തുവന്നു. സി.പി.ഐ. അംഗം ഡി. രാജയും ഇക്കാര്യത്തെ പിന്താങ്ങി. പിണറായിയുമായി നല്ല ബന്ധമാണുള്ളതെന്നും ഇത്തരം കാര്യങ്ങളിൽ വേണമെങ്കിൽ പൊതു തീരുമാനമുണ്ടാക്കാമെന്നും രാഹുൽഗാന്ധി പറഞ്ഞു.

ഡി.എം.കെ. സഖ്യത്തിൽനിന്ന് വിട്ടുപോയതുമായി ബന്ധപ്പെട്ടും വിമർശനമുയർന്നു. എന്നാൽ, വിമർശനങ്ങളെയെല്ലാം തുറന്നമനസ്സോടെ സ്വീകരിക്കുന്നതായും അക്കാര്യങ്ങളെല്ലാം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും രാഹുൽ പ്രതികരിച്ചതോടെ മഞ്ഞുരുകി.

തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി വികാരാധീനയായാണ് പ്രതികരിച്ചത്. തന്റെ ജനവിധി തിരഞ്ഞെടുപ്പ് കമ്മിഷനെയും വിവിധ സർക്കാർ ഏജൻസികളെയും ഉപയോഗിച്ച് കേന്ദ്രസർക്കാർ തട്ടിയെടുക്കുകയായിരുന്നെന്ന് മമത പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറി വിഷയത്തിൽ ഇന്ത്യസഖ്യം നേതാക്കൾ കമ്മിഷനെ സന്ദർശിച്ച് നിവേദനം നൽകണമെന്ന് മമത ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസിന് കത്തെഴുതുന്ന സാഹചര്യത്തിൽ അത് വേണ്ടെന്ന് തീരുമാനിച്ചു. അഖിലേഷ് കോൺഗ്രസിനെ രൂക്ഷഭാഷയിലാണ് വിമർശിച്ചത്.
പ്രധാന അഞ്ചു തീരുമാനങ്ങൾ

* എസ്.ഐ.ആർ., വോട്ട് കവർച്ച, തിരഞ്ഞെടുപ്പ് അട്ടിമറി എന്നീ വിഷയങ്ങളിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകും.

* കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഉടൻ രാജിവെക്കണമെന്ന് സംയുക്തമായി ആവശ്യപ്പെടും.

* രാജ്യം നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിക്കണം.

*ഇന്ത്യസഖ്യം രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരണം. അടുത്ത യോഗം ഓഗസ്റ്റിൽ ഹൈദരാബാദിൽ.

* പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ ദിവസവും രാവിലെ യോഗം ചേരും.