ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിർക്കാൻ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാൽ ബിൽ അവതരിപ്പിച്ച രീതിയിൽ എതിർപ്പുണ്ടെന്നും ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ പറഞ്ഞു. ബുധനാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിനുശേഷമാണ് വ്യാഴാഴ്ച അവതരിപ്പിക്കുന്ന ബില്ലിനെ എതിർക്കാൻ ഇന്ത്യാ സഖ്യം തീരുമാനമെടുത്തത്.

To advertise here,

വനിതാ സംവരണ ബിൽ അവതരിപ്പിച്ച രീതിയിൽ പ്രതിപക്ഷ പാർട്ടികൾക്ക് എതിർപ്പുണ്ടെന്ന് യോഗത്തിനുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. തങ്ങളെല്ലാവരും വനിതാ സംവരണ ബില്ലിനെ അനുകൂലിക്കുന്നു. പക്ഷേ, അവർ ഈ ബില്ല് കൊണ്ടുവന്ന രീതിയിൽ സംശയങ്ങളുണ്ട്. ഇത് രാഷ്ട്രീയപ്രേരിതമാണ്. പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താനുള്ള നീക്കമാണ്. മണ്ഡല പുനർനിർണയ പ്രക്രിയയിൽ പാർട്ടികൾക്ക് ആശങ്കയുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ചില തന്ത്രങ്ങൾ പുറത്തെടുക്കുകയാണ്. ഇതിനെതിരേ എല്ലാ പാർട്ടികളും പാർലമെന്റിൽ ഒറ്റക്കെട്ടായി പോരാടണം. തങ്ങൾ ഈ ബില്ലിനെ എതിർക്കും. എന്നാൽ, വനിതാ സംവരത്തിന് തങ്ങൾ എതിരല്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മണ്ഡല പുനർനിർണയത്തെ ഒറ്റക്കെട്ടായി എതിർക്കുമെന്നും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുമെന്നും എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലും പ്രതികരിച്ചു. ''നിങ്ങൾ അസമിലെ മണ്ഡല പുനർനിർണയത്തിന്റെ മാപ്പ് നോക്കൂ. അവർക്ക് ജയിക്കാൻ വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. അപകടങ്ങൾ ഒരുപാട് പതിയിരിക്കുന്ന ബില്ലാണിത്. 2029-ലെ തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ജനാധിപത്യത്തെ കശാപ്പ് ചെയ്തുള്ള കുറുക്കുവഴികളാണ് അവർ തേടുന്നത്. ഇതിനെ എതിർത്ത് വോട്ട് ചെയ്യും. മണ്ഡല പുനർനിർണയത്തെ ഒറ്റക്കെട്ടായി എതിർക്കും. പ്രതിപക്ഷ പാർട്ടികളെല്ലാം ഇതിൽ ഒറ്റക്കെട്ടാണ്. ഇതുകൊണ്ടുവന്നിരിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ല. ജനാധിപത്യം എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഭരണഘടനാ ഒട്ടാകെ ഭേദഗതി ചെയ്യാനുള്ള മൃഗീയ ഭൂരിപക്ഷം കൃത്രിമമായി ഉണ്ടാക്കാൻ വേണ്ടിയുള്ള നടപടിയാണ് അവർ സ്വീകരിക്കാൻ പോകുന്നത്. ഈ ബില്ലിനെ ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. ഇത് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. ജനാധിപത്യം ഹൈജാക്ക് ചെയ്യുന്ന ബില്ലാണിത്. ഞങ്ങൾ വനിതാ സംവരണത്തിന് എതിരല്ല. 50 ശതമാനം സംവരണം ആദ്യം പാർലമെന്റിൽ കൊണ്ടുവന്നത് ആരാണ്'', കെ.സി. വേണുഗോപാൽ ചോദിച്ചു.

2029-ലെ പൊതുതിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വനിതാ സംവരണ ഭേദഗതി ബിൽ കേന്ദ്രസർക്കാർ വ്യാഴാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. അടുത്ത സെൻസസ് വരെ കാത്തിരിക്കാകെ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയവും വനിതാ സംവരണവും ഏർപ്പെടുത്തുന്നതിനുള്ളതാണ് 131-ാമത് ഭരണഘടാന ഭേദഗതി ബിൽ. മണ്ഡലങ്ങളുടെ പുനർനിർണയം നടത്തുന്നതിന് മണ്ഡല പുനർനിർണയകമ്മിഷൻ രൂപവത്കരിക്കും

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നുസീറ്റ് വനിതകൾക്കായി സംവരണംചെയ്യും. പട്ടികജാതി/വർഗ വനിതകളെക്കൂടി ഉൾപ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം ഉയരും. ഒപ്പം വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകൾ റോട്ടേഷൻവ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം.

2027-ലെ സെൻസസ് അടിസ്ഥാനമാക്കി 2028-ൽ നടപ്പാക്കുന്ന മണ്ഡലപുനർനിർണയത്തിനുശേഷം വനിതാ സംവരണം ഏർപ്പെടുത്തുക എന്നതാണ് 2023-ൽ പാസാക്കിയ നാരീശക്തി വന്ദൻ അധിനിയത്തിലെ വ്യവസ്ഥ. 2034 മുതൽ ഇതുനടപ്പാക്കാനാണ് നിലവിലുള്ള നിയമം നിർദേശിക്കുന്നത്. എന്നാൽ, 2029-ലെ തിരഞ്ഞെടുപ്പുകളിൽ വനിതാസംവരണം നടപ്പാക്കാനാണ് നിയമഭേദഗതി. ബിൽ പാർലമെന്റ് പാസാക്കിയാൽ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ് ­എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാസംവരണം ബാധകമാകും. മൂന്നുദിവസമാണ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം.