ന്യൂഡല്‍ഹി:  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രചണ്ഡ് ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിന് അംഗീകാരം. എച്ച്.എ.എല്ലില്‍(ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്‌) നിന്ന് കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 156 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിനാണ് അംഗീകാരം. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് ഹെലികോപ്റ്റര്‍ ഇടപാടിന് അന്തിമ അനുമതി നല്‍കിയത്. 

To advertise here,

62,000 കോടിയുടേതാണ് ഇടപാട്. 2014-ലാണ് ഹെലികോപ്റ്റര്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ എച്ച്.എ.എല്ലിന് ലഭിച്ചത്. അന്ന് നിശ്ചയിച്ച തുക 45,000 കോടി ആയിരുന്നു. വാങ്ങുന്ന 156 ഹെലികോപ്റ്ററുകളില്‍ 90 എണ്ണം കരസേനയ്ക്കും 66 എണ്ണം വ്യോമസേനയ്ക്കുമായി നല്‍കും. എച്ച്.എ.എല്ലിന്റെ കര്‍ണാടകയിലെ തുമകുരു പ്ലാന്റിലാണ് പ്രചണ്ഡ് ഹെല്‌കോപ്റ്ററുകള്‍ നിര്‍മിക്കുക. 

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ.(ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ) വികസിപ്പിച്ച ഹെലികോപ്റ്ററാണ് പ്രചണ്ഡ്. ലഡാക്കിലെയും സിയാച്ചിനിലെയും സാന്ദ്രത കുറഞ്ഞ അന്തരീക്ഷത്തിലും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും ആക്രമണം നടത്താനും കഴിയും വിധമാണ് പ്രചണ്ഡിനെ വികസിപ്പിച്ചത്. 16,400 അടി ഉയരത്തില്‍ വരെ എത്തി ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ഇതിന് സാധിക്കും. പാകിസ്താന്‍, ചൈന അതിര്‍ത്തിയില്‍ ഇവയെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നായ സിയാച്ചിൻ സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 16,400 അടി ഉയരത്തില്‍ വരെ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിയുന്ന ലോകത്തെ ഏക കോംബാറ്റ് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. 16,400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാനുമാകും. ഉയരമുള്ള പ്രദേശങ്ങളില്‍ ശത്രുക്കള്‍ക്കെതിരെ പോരാടാനും, ടാങ്കുകള്‍, ബങ്കറുകള്‍, ഡ്രോണുകള്‍, എന്നിവയെ ആക്രമിക്കാനും സാധിക്കും.  സിയാച്ചിന്‍ ഉള്‍പ്പെടെ വ്യത്യസ്ത ഉയരമുള്ള പ്രദേശങ്ങളില്‍ വിജയകരമായി പരീക്ഷണപ്പറക്കലുകള്‍ നടത്തിയതിന് ശേഷമാണ് ഇവ സൈന്യത്തിന് കൈമാറാനൊരുങ്ങുന്നത്. 

70 എം.എം. റോക്കറ്റ് ലോഞ്ചറുകളും എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫേസ്, ആന്റി ടാങ്ക് മിസൈലുകളും ഉള്‍പ്പെടേ അത്യാധുനിക ആയുധശേഷിയും ഹെലികോപ്ടറിനുണ്ട്. ഏത് കാലവസ്ഥയിലും ഭൂപ്രദേശത്തിലും പറന്നുയര്‍ന്ന് ശത്രുവിന്റെ വ്യോമപ്രതിരോധം തകര്‍ക്കാനും കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് നടത്താനും പ്രചണ്ഡിന് കഴിയും.15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള കോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാം. 550 കിലോ മീറ്ററാണ് പ്രവര്‍ത്തനദൂരപരിധി. 110 ഡിഗ്രി കറങ്ങി വെടിവെക്കാന്‍ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകള്‍, നാഗ് ടാങ്ക് വേധ മിസൈല്‍, മിസ്ട്രാല്‍ വിമാനവേധ മിസൈലുകള്‍, യന്ത്രപീരങ്കി എന്നിവയാണ് കോപ്റ്ററിലുള്ള ആയുധങ്ങള്‍. ഈ കോപ്റ്ററുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീയമാണ്.