
ന്യൂഡൽഹി: നൂതന യുദ്ധവിമാനങ്ങളുടെ ശ്രേണി വർധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യൻ വ്യോമസേനയുടെ (IAF) വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ ആണ് ഇക്കാര്യം അറിയിച്ചത്. വലിയതോതിലുള്ള സംഭരണതീരുമാനം ഉണ്ടെന്നും കൂടുതൽ യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്താനുള്ള കാത്തിരിപ്പിലാണ് വ്യോമസേനയെന്നും അദ്ദേഹം പറഞ്ഞു. റഫാൽ വിമാനത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ ഹീറോ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
"റഫാൽ ഒരു പ്രധാന ചർച്ചാവിഷയമാണ്, മറ്റ് നിരവധി വീരന്മാർക്കിടയിൽ ഓപ്പറേഷൻ സിന്ദൂറിൻ്റെ നായകനായിരുന്നു റഫാൽ," അദ്ദേഹം കൂട്ടിച്ചേർത്തു.
114 മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) വാങ്ങാനുള്ള നിർദേശം പ്രതിരോധ മന്ത്രാലയം അംഗീകരിക്കാനിരിക്കെയാണ് നാഗേഷ് കപൂറിന്റെ പ്രസ്താവനകൾ. ഫെബ്രുവരി അവസാനം നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സന്ദർശനത്തിന് മുന്നോടിയായി ബില്യൺ ഡോളർ പ്രോഗ്രാമിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ കൗൺസിൽ (DAC), റഫാൽ ഇടപാടിന് അംഗീകാരം നൽകിയേക്കാമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അംഗീകരിക്കപ്പെട്ടാൽ ഏകദേശം 3.25 ലക്ഷം കോടി രൂപ വിലമതിക്കുന്ന ഈ ഇടപാട് ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടുകളിലൊന്നാകും.
അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കെ വ്യോമസേനയിൽ നിലവിൽ 29 ഫൈറ്റർ സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. ഇത് അംഗീകൃതശേഷിയായ 42 നിന്ന് ഗണ്യമായി കുറവാണ്. ഈ വിടവ് നികത്താനാണ് സംഭരണം അടിയന്തരമാക്കുന്നത്. കരാർ പ്രകാരം, ഇന്ത്യ 114 റഫാൽ ഫൈറ്റർ ജെറ്റുകൾ സംഭരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ പറയുന്നു. ഇതിൽ 18 വിമാനങ്ങൾ പറക്കാൻ സജ്ജമായ നിലയിൽ ഫ്രാൻസിൽ നിന്ന് നേരിട്ട് വാങ്ങും. ബാക്കിയുള്ളവ ഇന്ത്യയിൽ നിർമ്മിക്കാനുമാണ് ഉദ്ദേശിക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ'യുടെ കീഴിൽ ഏകദേശം 80 ശതമാനം വിമാനങ്ങളും തദ്ദേശീയമായി ഉത്പാദിപ്പിക്കും.
കരാർ പ്രകാരം 88 സിംഗിൾ-സീറ്റ്, 26 ട്വിൻ-സീറ്റ് റഫാലുകളാണ് ഇന്ത്യ വാങ്ങുക. ഫ്രഞ്ച് നിർമ്മാതാക്കളായ ദസ്സൊ ഏവിയേഷൻ, പ്രാദേശിക ഉത്പാദനത്തിനും അസംബ്ലിങ്ങിനുമായി ഇന്ത്യൻ സ്വകാര്യ മേഖലയിലെ കമ്പനികളുമായി പങ്കാളികളാകാൻ സാധ്യതയുണ്ട്. ഇത് തദ്ദേശീയമായ വിമാന നിർമ്മാണശേഷി വർധിപ്പിക്കും.
Content Highlights: India`s Air Force plans to significantly expand its fighter jet fleet by acquiring 114 new multi-role aircraft. Learn about the Rafale`s role and `Make in India` implications.
Published: 11 Feb 2026, 09:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented