ന്യൂഡൽഹി: പുതിയ യുദ്ധവിമാനങ്ങൾ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നതിലെ കാലതാമസം ഇന്ത്യൻ വ്യോമസേനയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സേനാമേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ്. സൈനികശേഷിയിലെ വിടവുകൾ നികത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ യുദ്ധശേഷി വർധിപ്പിക്കുന്നതിനുമായി രാജ്യത്ത് പ്രതിവർഷം 40 യുദ്ധവിമാനങ്ങൾവരെ നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമസേനാദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിങ്. 

To advertise here,

പുതിയ യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാക്കുന്നതിൽ ഇത്തവണ അധികം കാലതാമസമുണ്ടായെന്നും അത് നമ്മെ പ്രതികൂലമായി ബാധിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നും എ.പി. സിങ് പറഞ്ഞു. എല്ലാക്കൊല്ലവും രണ്ട് യുദ്ധവിമാന സ്‌ക്വാഡ്രണുകൾ നമുക്ക് സേനയിലേക്ക് ഉൾപ്പെടുത്തേണ്ടതുണ്ട്. അതായത്, 36-നും 40-നും ഇടയിൽ വിമാനങ്ങൾ നിർമിച്ച് സേനയുടെ ഭാഗമാക്കിയാൽമാത്രമേ, നിലവിലെ 30 യുദ്ധവിമാന സ്‌ക്വാഡ്രൺ എന്നതിൽനിന്ന് നാം താഴേക്ക് പോകാതിരിക്കുകയും 42 എന്ന ലക്ഷ്യത്തോട് അടുക്കുകയും ചെയ്യുകയുള്ളൂ. യഥാർഥത്തിൽ നമുക്ക് അതിലുമേറെ ആവശ്യമുണ്ടുതാനും, സിങ് കൂട്ടിച്ചേർത്തു.

യുദ്ധവിമാനങ്ങളുടെ എണ്ണം ശക്തിപ്പെടുത്തുന്നതിനും യുദ്ധവിമാന സ്‌ക്വാഡ്രണുകളുടെ എണ്ണം മുപ്പതിൽനിന്ന് താഴേക്ക് പോകുന്നത് തടയുന്നതിനുമായി എൽസിഎ എംകെ-1എ, പുതിയ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ (എംആർഎഫ്എ), അധിക സുഖോയ്-30 എംകെഐ വിമാനങ്ങൾ എന്നിവ സമയബന്ധിതമായി സേനയിൽ ഉൾപ്പെടുത്തുന്നതിനെയാണ് ഇന്ത്യൻ വ്യോമസേന ആശ്രയിക്കുന്നതെന്നും എ.പി. സിങ് പറഞ്ഞു. അതോടൊപ്പം, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും വിന്യസിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം ചൈനീസ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ പാകിസ്താന് ലഭിക്കാനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പാക് പൈലറ്റുമാർക്ക് ചൈന ഇത്തരം വിമാനങ്ങൾ പറത്താനുള്ള പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ദുബായ്-ടെൽ അവീവ് ഫ്‌ലൈദുബായ് വിമാനത്തിൽ ഉണ്ടായ ഭീകരാക്രമണശ്രമത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ച അസാധാരണ ധൈര്യത്തെ എ.പി. സിങ് പ്രശംസിച്ചു. സ്മിത് പ്രകടിപ്പിച്ച ശാരീരികവും മാനസികവുമായ ദൃഢനിശ്ചയം, വ്യോമയാന മേഖലയിലുള്ള മറ്റുള്ളവർക്ക് പാഠമാണെന്നും അദ്ദേഹം പറഞ്ഞു. സ്മിത് പ്രകടിപ്പിച്ചത് അസാധാരണമായ ധീരതയാണ്. അദ്ദേഹം വലിയ ശാരീരികവും മാനസികവുമായ നിശ്ചയദാർഢ്യം പ്രകടിപ്പിച്ചു. അത് നമുക്കൊരു പാഠമാണ്, സിങ് കൂട്ടിച്ചേർത്തു.