ന്യൂഡൽഹി: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ കാഴ്ചശക്തിക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായും ആരോഗ്യനില വഷളായതായും റിപ്പോർട്ട്.  പാകിസ്താനിലെ സുപ്രീംകോടതി നിയോഗിച്ച അഭിഭാഷകന്റേതാണ് റിപ്പോർട്ട്. അഡിയാല ജയിലിൽ ദീർഘകാലം ഒറ്റപ്പെട്ട നിലയിൽ കഴിയേണ്ടി വന്നതായും ദുരുദ്ദേശ്യപരവും മനുഷ്യത്വമില്ലാത്തതും നിയമവിരുദ്ധവുമായ ചികിത്സയാണ് ഇമ്രാൻ ഖാന് പാക് ഭരണകൂടം നൽകിവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

സുപ്രീം കോടതി നിയോഗിച്ച അമികസ് ക്യൂറി സൽമാൻ സഫ്ദർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് അനുസരിച്ച് ജയിൽ അധികൃതർ മാസങ്ങളോളം വൈദ്യ സഹായം നിഷേധിച്ചതിനെത്തുടർന്ന് ഇമ്രാൻ ഖാന് വലത് കണ്ണിന്റെ കാഴ്ചശക്തിയുടെ ഏകദേശം 85 ശതമാനവും നഷ്ടപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടു കഴിയുന്നതും സമയബന്ധിതമായ വൈദ്യസഹായം നിഷേധിക്കപ്പെട്ട, കുടുംബാംഗങ്ങളെ കാണാൻ അനുവാദമില്ലാത്തതുമായ മുൻ പ്രധാനമന്ത്രിയുടെ ദയനീയമായ അവസ്ഥയാണ് റിപ്പോർട്ട് വരച്ചുകാട്ടുന്നതെന്ന് പാക് ഭരണകൂടത്തിന്റെ വിമർശകർ കുറ്റപ്പെടുത്തുന്നു.

ഏകദേശം മൂന്നുമുതൽ നാലുമാസം മുൻപ്, അതായത് 2025 ഒക്ടോബർ വരെ, ഇരുകണ്ണുകളിലും 6 x 6 കാഴ്ചശക്തിയുണ്ടായിരുന്നു. പിന്നീട് തുടർച്ചയായി മങ്ങിയതും അവ്യക്തവുമായ കാഴ്ച അനുഭവപ്പെടാൻ തുടങ്ങി, ഇത് അദ്ദേഹം അന്നത്തെ ജയിൽ സൂപ്രണ്ടിന് ആവർത്തിച്ച് റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ പരാതി പരിഹരിക്കാൻ ജയിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വലത് കണ്ണിന്റെ കാഴ്ചശക്തി പൊടുന്നനെ പൂർണ്ണമായും ഇല്ലാതായി. ഇതിനു ശേഷമാണ്  നേത്രരോഗവിദഗ്ദ്ധനെ വിളിച്ചുവരുത്തിയത്. രക്തം കട്ടപിടിച്ചതുമൂലം ഗുരുതരമായ പ്രശ്നങ്ങൾ സംഭവിച്ചതായി ഡോക്ടർ കണ്ടെത്തുകയും ചികിത്സയും കുത്തിവെപ്പും നൽകിയിട്ടും അദ്ദേഹത്തിന് വലത് കണ്ണിന്റെ 15 ശതമാനം കാഴ്ചശക്തി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

തന്റെ സന്ദർശന വേളയിൽ മുൻ പ്രധാനമന്ത്രി അസ്വസ്ഥനും അതീവ ദുഃഖിതനുമായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു, ഇടയ്ക്കിടെ ടിഷ്യൂ ഉപയോഗിച്ച് തുടച്ചുകൊണ്ടിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു. ഇമ്രാൻ ഖാൻ ഏകദേശം രണ്ട് വർഷവും നാല് മാസവുമായി ഒറ്റപ്പെട്ടു കഴിയുകയാണെന്നും 2023 ഒക്ടോബറിൽ അഡിയാല ജയിലിലേക്ക് മാറ്റിയതു മുതൽ ഈ അവസ്ഥയാണെന്നും റിപ്പോർട്ടിലുണ്ട്. 73 വയസ്സുള്ള ഇമ്രാൻ ഖാന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നിട്ടും തന്റെ സ്വകാര്യ ഡോക്ടർമാരെ കാണാൻ അനുവദിക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

സഹോദരിമാരെ പോലും കോടതി ഉത്തരവുകൾ ഉണ്ടായിട്ടും അദ്ദേഹത്തെ കാണാൻ പതിവായി അനുവദിച്ചിരുന്നില്ലെന്ന് സഫ്ദർ രേഖപ്പെടുത്തി. ജയിലിന്റെ സൂപ്രണ്ട് ഓഫീസിൽ അടുത്തിടെയുണ്ടായ മാറ്റങ്ങൾക്ക് ശേഷം മാത്രമാണ് പത്നിയെ കാണാൻ അനുമതി ലഭിച്ചതെന്നും ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ ഏകദേശം 30 മിനിറ്റ് നേരം കാണാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മക്കളായ കാസിം, സുലൈമാൻ എന്നിവരുമായുള്ള ബന്ധം ഇതിലും പരിമിതമായിരുന്നു. 2025-ൽ രണ്ട് തവണ മാത്രമാണ് മക്കളെ ഫോൺ വിളിക്കാൻ അനുമതി ലഭിച്ചത്.

കഴിഞ്ഞ അഞ്ചു മാസമായി പ്രധാന അഭിഭാഷകനെയോ മറ്റ് നിയമ സംഘാംഗങ്ങളെയോ കാണാൻ അനുവദിച്ചിട്ടില്ല. നടപടിയിലെ കാലതാമസം ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ഗുരുതരമായ അപകടം വരുത്താമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.