അപൂർവവും എന്നാൽ ഗുരുതരവുമായ ഹോർമോൺ തകരാർ അനായാസം കണ്ടെത്താൻ നിർമിതബുദ്ധി (എഐ)യ്ക്ക് കഴിയുമെന്ന് ഗവേഷകർ. ഒരാളുടെ കൈപ്പത്തിയുടെ പിന്നിൽ നിന്നുള്ള ചിത്രത്തിൽനിന്ന് ഡോക്ടർമാർക്ക് അക്രോമെഗാലി എന്ന രോഗാവസ്ഥ കണ്ടെത്താൻ കഴിയുമെന്ന് കോബെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പുതിയ പഠനത്തിലൂടെ കണ്ടെത്തി. ശരീരത്തിൽ അമിതമായ വളർച്ചാ ഹോർമോൺ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്നതാണ് അക്രോമെഗാലി.

To advertise here,

ഈ രോഗം പലപ്പോഴും മധ്യവയസ്‌കരിൽ കാണപ്പെടുകയും കൈകളും കാലുകളും വലുതാകാൻ ഇടയാക്കുകയും ചെയ്യുന്നതാണ്. ചികിത്സിക്കാതിരുന്നാൽ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ആയുസ് ഏകദേശം 10 വർഷം കുറയ്ക്കാനും ഇടയാക്കുകയും ചെയ്യും. ഈ രോഗം സാവധാനം വർധിക്കുന്നതിനാൽ കണ്ടെത്താൻ പ്രയാസമാണെന്ന് ഗവേഷകർ പറയുന്നു. പല രോഗികളും ശരിയായ രോഗനിർണയം നടത്തുന്നത് വർഷങ്ങൾ കഴിഞ്ഞാണ്.

ഈ രോഗാവസ്ഥ നേരത്തെ മനസിലാക്കുന്നതിനുളള മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായി ഗവേഷകർ വ്യക്തികളുടെ കൈപ്പത്തിയുടെ പിന്നിൽനിന്നുള്ള ചിത്രങ്ങൾ വിശകലനം ചെയ്യാൻ നിർമിതബുദ്ധി ഉപയോഗിച്ചു. മുഖചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൈപ്പത്തിയുടെ ചിത്രങ്ങൾ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നില്ല.

ജപ്പാനിലെ 15 മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്ന് ഗവേഷണവുമായി സഹകരിച്ച 725 പേരെ സംഘം പഠിച്ചു. അവരിൽ ഏകദേശം പകുതിയോളം പേർക്ക് അക്രോമെഗാലി ഉണ്ടായിരുന്നു. അവരുടെ കൈകളുടെ 11,000-ൽ അധികം ചിത്രങ്ങൾ എഐ മോഡൽ പരിശീലനത്തിനും പരീക്ഷണങ്ങൾക്കും ഉപയോഗിച്ചു. എഐ സംവിധാനത്തിന് അക്രോമെഗാലി ഉള്ള രോഗികളെ ഫലപ്രദമായി തിരിച്ചറിയാൻ കഴിഞ്ഞു. ഒരു വ്യക്തിക്ക് ഈ തകരാർ ഉണ്ടെന്ന എഐ സംവിധാനത്തിന്റെ പ്രവചനം ഏകദേശം 88 ശതമാനവും കൃത്യമായിരുന്നു.

ചിത്രങ്ങൾ വിശകലനം ചെയ്തപ്പോൾ എഐ മോഡൽ പരിചയസമ്പന്നരായ എൻഡോക്രൈനോളജിസ്റ്റുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഗവേഷകർ അവകാശപ്പെടുന്നു. എന്നിരുന്നാലും എഐ ടൂൾ ഡോക്ടർമാരെ മാറ്റിസ്ഥാപിക്കില്ലെന്ന് ഗവേഷകർ ചൂണ്ടിക്കട്ടുന്നു. രോഗനിർണയം സ്ഥിരീകരിക്കുന്നതിനായി ശബ്ദത്തിലെ മാറ്റങ്ങൾ, മുഖഭാവങ്ങൾ, മെഡിക്കൽ ചരിത്രം, ഹോർമോൺ പരിശോധനകൾ തുടങ്ങിയ മറ്റ് സൂചനകളെ ആശ്രയിക്കേണ്ടിവരും.

ദി ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനം ഡോക്ടർമാർക്ക് രോഗാവസ്ഥ നേരത്തെ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ എഐ സംവിധാനങ്ങൾക്ക് റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, അനീമിയ, എന്നിവയുൾപ്പെടെയുള്ള രോഗാവസ്ഥകൾ കണ്ടെത്താൻ ഭാവിയിൽ സഹായിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.