കോട്ടയം: ഏറ്റുമാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപികയ്ക്കും ശാരീരികാസ്വാസ്ഥ്യം. ബുധനാഴ്ച ക്ലാസ് ആരംഭിച്ചതിന് പിന്നാലെയാണ് വിഎച്ച്എസ്ഇ വിഭാഗത്തിലെ രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും ചൊറിച്ചില്‍ ഉള്‍പ്പെടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

To advertise here,

കഴിഞ്ഞദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്‌കൂളില്‍ പോളിങ് ബൂത്ത് പ്രവര്‍ത്തിച്ചിരുന്നു. വോട്ടെടുപ്പ് ആവശ്യങ്ങള്‍ക്കായി ക്ലാസ് മുറികളിലെ ബെഞ്ചുകളും ഡെസ്‌ക്കുകളും ഉപയോഗിക്കുകയുംചെയ്തു. ഈ ബെഞ്ചുകള്‍ ക്ലാസുകളില്‍ തിരികെ കൊണ്ടുവന്ന് ഇതില്‍ ഇരുന്നതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതെന്ന് പറയുന്നു.

ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതോടെ അധ്യാപകര്‍ നഗരസഭയെയും ആരോഗ്യവിഭാഗത്തെയും വിവരമറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍സംഘമെത്തി വിദ്യാര്‍ഥികളെ പരിശോധിച്ചു. രക്ഷിതാക്കളെ വിളിച്ചറിയിച്ച് വിദ്യാര്‍ഥികള്‍ക്ക് അവധിയും നല്‍കി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്ലാസ്മുറികളും ബെഞ്ചുകളും വൃത്തിയാക്കുകയുംചെയ്തു.