ന്യൂഡൽഹി: യമുനാ നദിയുടെ 58 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്തിന്റെ പകുതിയിലധികം ശുചീകരിച്ചെന്ന് അവകാശവാദമുന്നയിച്ച് ബിജെപി എംപി മനോജ് തിവാരി. ഛാഠ് പൂജയ്ക്ക് മുന്നോടിയായി ഏകദേശം 30 കിലോമീറ്റർ വൃത്തിയാക്കിയിട്ടുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. യമുനയുടെ ചില ഭാഗങ്ങൾ താരതമ്യേന ശുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി തിവാരിയുടെ ഈ പ്രസ്താവനയെ ചോദ്യംചെയ്തു.
നദിയുടെ 58 കിലോമീറ്റർ ഭാഗം മുഴുവൻ ശുചീകരിച്ചെന്നല്ല, മറിച്ച്, ഏകദേശം 30 കിലോമീറ്റർ ഭാഗം വൃത്തിയാക്കിയിട്ടുണ്ടെന്നാണ് തിവാരി പറഞ്ഞത്. നദിയുടെ വിവിധ ഭാഗങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ തിവാരി, ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും ഇതിനായി ഡ്രഡ്ജിങ് നടത്താൻ പദ്ധതിയുണ്ടെന്നും കൂട്ടിച്ചേർത്തു. നദികളും തടാകങ്ങളും പോലുള്ള പ്രകൃതിദത്ത ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ഛാഠ് പൂജയ്ക്കായി പാർക്കുകളിൽ താൽക്കാലിക ജലാശയങ്ങൾ ഒരുക്കുന്നതിനുപകരം എന്നും നിലനിൽക്കുന്ന തരത്തിലുള്ള കുളങ്ങളും മറ്റും നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി, യമുനയുടെ പല്ല മുതൽ വസീറാബാദ് വരെയുള്ള 26 കിലോമീറ്റർ ഭാഗം നേരത്തേതന്നെ താരതമ്യേന ശുദ്ധമായിരുന്നുവെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ദില്ലിയെക്കുറിച്ചുള്ള പ്രാഥമിക അറിവുപോലുമില്ലാത്ത വിഡ്ഢികളാണ് ബിജെപി നേതാക്കളെന്ന് ആരോപിച്ച അദ്ദേഹം, ഇവർ നദിയുടെ താരതമ്യേന വൃത്തിയുള്ള ഭാഗത്തെ കുറിച്ച് അവകാശവാദമുന്നയിച്ച് ദില്ലിയിലെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എക്സിൽ കുറിച്ചു. കഴിഞ്ഞ വർഷം ഛാഠ് പൂജയോടനുബന്ധിച്ച് ഹത്നികുണ്ഡ് ബാരേജിൽനിന്ന് യമുനയിലേക്ക് അധികജലം ഒഴുക്കാൻ കേന്ദ്രം ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് മലിനീകരണത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കലിന്ദി കുഞ്ച് ഘാട്ടിലെ യമുനാ ജലം കുടിക്കാൻ മനോജ് തിവാരിയും ഡൽഹി ജലവിഭവ മന്ത്രി പർവേഷ് വർമയും തയ്യാറാകുമോ എന്ന് ഭരദ്വാജ് വെല്ലുവിളിച്ചു. സിഗ്നേച്ചർ പാലത്തിന് സമീപം നജഫ്ഗഡ് ഓട യമുനയിൽ ചേരുന്നതോടെയാണ് മലിനീകരണം വർധിക്കുന്നതെന്നും ഏകദേശം 862 ദശലക്ഷം ഗാലൻ വെള്ളം വഹിക്കുന്ന ഓട നദിയിലേക്ക് മലിനജലം എത്തിക്കുന്നുവെന്നും ഭരദ്വാജ് ആരോപിച്ചു.
Content Highlights: BJP MP Manoj Tiwari claims 30 km of the Yamuna river has been cleaned ahead of Chhath Puja., AAP leader Saurabh Bharadwaj rejects the claim, citing Delhi Pollution Control Committee reports., Bharadwaj challenges BJP leaders to drink the Yamuna water at Kalindi Kunj Ghat.
Published: 29 Oct 2026, 10:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented