കൊറോണവൈറസ് ഹോട്ട്‌സ്‌പോട്ടായിരുന്ന ചേരി പ്രദേശം മഹാമാരിയെ വിജയകരമായി അതിജീവിച്ച് ലോകത്തിലെ വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയായിത്തീര്‍ന്നിരിക്കുകയാണ് ധാരാവി. ഏഷ്യയില്‍ ഏറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയാണ് മുംബൈയിലെ ധാരാവി. അതിവേഗതയിലായിരുന്നു ആദ്യഘട്ടത്തില്‍ ധാരാവിയിലെ വൈറസ്‌വ്യാപനം. എന്നാല്‍ കൃത്യതയാര്‍ന്നതും സമയോചിതവുമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ധാരാവിയിലെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

To advertise here,

ശരീരോഷ്മാവ് അളക്കുന്നതിനും മറ്റ് കോവിഡ് അനുബന്ധ പരിശോധനകള്‍ക്കുമായി 47,000-ഓളം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി. 7,00,000ല്‍ അധികം ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി മാറ്റിയ സ്‌കൂളുകളിലും സ്‌പോര്‍ട്‌സ് ക്ലബുകളിലേക്കും മാറ്റി. മെയ് ആദ്യദിനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. രോഗികളില്‍ പകുതിയിലധികം പേര്‍ രോഗമുക്തരായി. 

എണ്‍പതോളം പേര്‍ ഒരേ ടോയ്‌ലറ്റുപയോഗിക്കുന്ന ധാരാവിയില്‍ കോവിഡ് മരണസംഖ്യയില്‍ വലിയ കുറവാണുണ്ടായത്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ ഇതേ കാലയളവില്‍ രോഗികളുടെ എണ്ണത്തില്‍ നാല് മടങ്ങോളമാണ് വര്‍ധന രേഖപ്പെടുത്തിയത്. സാമൂഹികാകലം പാലിക്കുന്നു എന്നുറപ്പാക്കുകയായിരുന്നു ഏറ്റവുംവലിയ പ്രതിസന്ധിയെന്ന് മുംബൈ മുന്‍സിപ്പല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘാവ്കര്‍ പറഞ്ഞു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വൈറസിനെ നേരിടുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കുന്നതിനേക്കാള്‍ പ്രതിരോധിക്കുകയാണ് ധാരാവിയില്‍ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

placeholder

ആദ്യഘട്ടങ്ങളില്‍ തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചതുകൊണ്ടാണ് സാമൂഹികവ്യാപനം നിയന്ത്രിക്കാന്‍ സഹായകമായതെന്ന് ദിഘാവ്കര്‍ പറഞ്ഞു. മുംബൈ നഗരത്തിലെ മറ്റിടങ്ങളില്‍ രോഗികള്‍ അവസാനഘട്ടത്തില്‍ ആശുപത്രികളിലെത്തുമ്പോള്‍ ധാരാവിയില്‍ നേരത്തെ രോഗികള്‍ ചികിത്സ തേടിയെത്തിയത് മരണനിരക്ക് കുറയ്ക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 60-ല്‍ നിന്ന് 20 ആയി കുറഞ്ഞു. രോഗമുക്തി നേടുന്നവരുടെ ശരാശരി എണ്ണം 51 ശതമാനമായി ഉയര്‍ന്നു. മുംബൈയിലെ മറ്റിടങ്ങളില്‍ ഇത് 41 ശതമാനമാണ്. 

കര്‍ശന നിയന്ത്രണങ്ങളോടുകൂടിയ ലോക്ക്ഡൗണാണ് ധാരാവിയില്‍ ഏര്‍പ്പെടുത്തിയത്. പ്രദേശവാസികളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു പ്രതിരോധപ്രവര്‍ത്തനങ്ങളിലെ ആദ്യകടമ്പ. ചെറിയൊരു പിഴവ് വലിയ ആഘാതം സൃഷ്ടിക്കാവുന്ന സ്ഥിതിയാണ് ധാരാവിയിലെ സാമൂഹിക ഘടനയിലുള്ളത്. ദശലക്ഷത്തോളം ജനങ്ങളുള്ള, 100 ചതുരശ്ര അടി വിസ്താരം മാത്രമുള്ള കുടിലില്‍ ഏഴോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വൈറസ് ദ്രുതഗതിയില്‍ പകരാമെന്നത് ഗുരുതര പ്രതിസന്ധിയായിരുന്നു. 

ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും ചികിത്സ സൗജന്യമായി ലഭ്യമായിരുന്നു. ആശുപത്രികളില്‍ കിടക്കകള്‍ ലഭിക്കുന്നതു വരെ ഈ കേന്ദ്രങ്ങളില്‍ ചികിത്സ ലഭ്യമാക്കി. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ജനങ്ങളെ സ്വയം ക്വാറന്റീനില്‍ കഴിയാന്‍ പ്രേരിപ്പിച്ചു, ജനങ്ങള്‍ അത് പാലിക്കുകയും ചെയ്തു. സ്വയം സുരക്ഷിതരായിരിക്കുന്നതിനെ കുറിച്ച് ധാരാവിയിലെ ജനങ്ങള്‍ക്കിപ്പോള്‍ അവബോധമുണ്ടെന്ന് ദിഘാവ്കര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ജൂണ്‍ 30 വരെയാണ് നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും ധാരാവിയിലെ ജനങ്ങള്‍ കോവിഡ് വ്യാപന പ്രതിസന്ധി മറികടക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടപ്പിച്ചു.

Content Highlights: How Dharavi Asia's Largest Slum Went From Hotspot To Model