
ഷിംല: ഹിമാചലിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒപ്പിട്ട അക്ഷരത്തെറ്റുകള്‍ നിറഞ്ഞ ചെക്ക് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. സ്‌കൂളിലെ പാചകത്തൊഴിലാളിക്ക് നല്‍കിയ 7616 രൂപയുടെ ചെക്കിലാണ് തുക വാക്കുകളില്‍ എഴുതിയപ്പോള്‍ തെറ്റുകള്‍ നിറഞ്ഞത്. ഇതുകാരണം ചെക്ക് മടങ്ങിയെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്.
അട്ടേര്‍ സിങ് എന്നയാളുടെ പേരിലാണ് ചെക്ക് നല്‍കിയിരുന്നത്. എന്നാല്‍, 7616 രൂപ എന്നത് ഇംഗ്ലീഷ് വാക്കുകളില്‍ എഴുതിയപ്പോള്‍ എല്ലാവാക്കുകളും തെറ്റിപ്പോവുകയായിരുന്നു. 'Seven' എന്നത് 'Saven' എന്നും 'Thousand' എന്നത് 'Thursday' എന്നുമാണ് ചെക്കില്‍ എഴുതിയിരുന്നത്. 'Six' എന്നത് കൃത്യമായി എഴുതിയെങ്കിലും 'Hundred'ന് പകരം 'Harendra' എന്നാണ് ചെക്കിലുണ്ടായിരുന്നത്. അവസാനഭാഗത്ത് 'Sixteen' എന്നതിന് പകരം 'Sixty' എന്നും എഴുതിയിരുന്നു.
സെപ്റ്റംബര്‍ 25 ആണ് ചെക്കിലെ തീയതി. ഒന്നിലേറെ അക്ഷരത്തെറ്റുകളുണ്ടായതിനാല്‍ പ്രിന്‍സിപ്പല്‍ ഒപ്പിട്ട ചെക്ക് ബാങ്ക് മടക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ചെക്കില്‍ ഒപ്പിട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തന്നെയാണോ തുക വാക്കുകളില്‍ എഴുതിയതെന്ന് വ്യക്തമല്ല. എന്തായാലും ചെക്കില്‍ പ്രിന്‍സിപ്പല്‍ ഒപ്പിട്ടത് വ്യക്തമാണെന്നിരിക്കെ, അതിന് മുന്‍പ് അദ്ദേഹം തെറ്റുകള്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും അഭിപ്രായങ്ങളുയര്‍ന്നിട്ടുണ്ട്.
ചെക്ക് വൈറലായതോടെ ഹിമാചലിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നു. ഇതാണ് അധ്യാപകരുടെ അവസ്ഥയെന്നും ഇതുകൊണ്ടാണ് ആരും കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയക്കാത്തതെന്നും സാമൂഹികമാധ്യമമായ എക്‌സില്‍ ഒരാള്‍ കുറിച്ചു.
Content Highlights: A government school principal in Himachal Pradesh issued a cheque with numerous spelling errors in the amount, causing it to be returned by the bank. The incident has sparked online debate.
Published: 30 Sept 2025, 06:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented