ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തിയ ചൈനീസ് പ്രതിനിധികളുടെ പക്കലുണ്ടായിരുന്ന 'അസാധാരണ വലിപ്പമുള്ള' ബാഗിനെച്ചൊല്ലി നാടകീയ രംഗങ്ങൾ അരങ്ങേറിയതായി റിപ്പോർട്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചൈനീസ് പ്രതിനിധികൾ അത് അനുവദിക്കാന്‍ തയ്യാറായില്ലെന്ന്  അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

To advertise here,

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രതിനിധികൾ താജ് ഹോട്ടലിലായിരുന്നു താമസിച്ചത്. നയതന്ത്ര പ്രോട്ടോക്കോളുകൾ പ്രകാരമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽ ബാഗുകൾ അനുവദിച്ചത്. ചൈനീസ് പ്രതിനിധികൾ താമസിച്ച മുറിയിൽ രണ്ടു ബാഗുകളിലായി സംശയകരമായ രീതിയിൽ രണ്ട് ഉപകരണങ്ങൾ ഹോട്ടൽ ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടു. വിവരം ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് സ്കാനർ ഉപയോഗിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചൈനീസ് പ്രതിനിധികൾ ഇതിന് തയ്യാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് 12 മണിക്കൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ മുറിക്ക് പുറത്ത് നിന്നെങ്കിലും ചൈനീസ് പ്രതിനിധി സംഘം ഇതിന് തയ്യാറായില്ല. ഒടുവിൽ നീണ്ട ചർച്ചകൾക്ക് ശേഷം 'അസാധാരണ വലിപ്പമുള്ള' ബാഗ് ചൈനീസ് എംബസിയ്ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് തർക്കത്തിന് പരിഹാരമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സെപ്റ്റംബർ 9,10 തീയതികളിലായി ഡൽഹിയിൽ വെച്ച് നടന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി ലി ചിയാങ് ആയിരുന്നു ചൈനീസ് പ്രതിനിധി സംഘത്തെ നയിച്ചത്.