
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നു | X/ANI
ന്യൂഡൽഹി: ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനാണ് വെള്ളിയാഴ്ച തുടക്കമായത്. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ചരിത്രത്തിലാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്ക വൻകരയിൽ നടക്കുന്നത്. ‘വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിലൂന്നി ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രാ പ്രസ്താവനയിൽ പറഞ്ഞു.
ഉച്ചകോടിയോടനുബന്ധിച്ച്, ജോഹന്നാസ്ബർഗിൽ എത്തുന്ന നേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
'ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത' എന്നതാണ് ഈ വർഷത്തെ ജി20യുടെ പ്രമേയം . മൂന്ന് വിഭാഗങ്ങളായിട്ടാണ് ജി20 ഉച്ചകോടി പൂർണമാകുന്നത്. ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ജി20 രാഷ്ട്രങ്ങൾ
ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി20. ആഗോള ജിഡിപിയുടെ 85 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇൻഡൊനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ എന്നിവരാണ് ജി20യിൽ ഉൾപ്പെടുന്നത്.
Content Highlights: PM Modi attends historic G20 Summit in Africa, focusing on India`s `One Earth, One Family, One Future` vision.
Published: 21 Nov 2025, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented