ജോഹന്നാസ്ബർഗ്: നിർമ്മിത ബുദ്ധിയുടെ ദുരുപയോഗം തടയുന്നതിനായി ആഗോളതലത്തിൽ നിയമങ്ങൾ വേണമെന്ന് പ്രധാനമന്ത്രി മോദി. ശനിയാഴ്ച ജി20 ഉച്ചകോടിയുടെ മൂന്നാം സെഷനിൽ നിർമിതബുദ്ധിയുടെ ദുരുപയോഗം സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സാങ്കേതിക നേട്ടങ്ങൾ ഒരു രാജ്യത്തിൽ മാത്രം കേന്ദ്രീകൃതമാകരുതെന്നും ആഗോളതലത്തിൽ ഏവർക്കും ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാങ്കേതിക വളർച്ചകളിൽ ഈ ആശയം സംയോജിപ്പിച്ചിട്ടുണ്ടെന്നും, ബഹിരാകാശ ആപ്ലിക്കേഷനുകളിലായാലും എഐയിലായാലും ഡിജിറ്റൽ പേയ്‌മെന്റുകളിലായാലും അത് എല്ലാവർക്കും പ്രയോജനകരമായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

‘ആഗോള നന്മയ്ക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ദുരുപയോഗം തടയുന്നുണ്ടെന്നും എല്ലാവരും ഉറപ്പാക്കണം. ഇതിന് മനുഷ്യന്റെ മേൽനോട്ടം ആവശ്യമാണ്. സുരക്ഷ-രൂപകൽപ്പന, സുതാര്യത, ഡീപ്പ്ഫേക്കുകൾ, കുറ്റകൃത്യങ്ങൾ, ഭീകര പ്രവർത്തനങ്ങൾ എന്നിവയിൽ എഐ ഉപയോഗിക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങൾ ആഗോളതലത്തിൽ ഉണ്ടാകണം’, മോദി പറഞ്ഞു. മനുഷ്യജീവിതത്തെയും സുരക്ഷയെയും പൊതുവിശ്വാസത്തെയും ബാധിക്കുന്ന എഐ സംവിധാനങ്ങൾ ഉത്തരവാദിത്വമുള്ളതായിരിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധിയിൽ വളർച്ചയുണ്ടായാലും തീരുമാനമെടുക്കുന്നതിനുള്ള ആത്യന്തിക ഉത്തരവാദിത്വം എല്ലായ്പ്പോഴും മനുഷ്യരിലായിരിക്കണനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.