ന്യൂഡൽഹി: രാജ്യത്താദ്യമായി നിഷ്‌ക്രിയദയാവധത്തിന് അനുമതിനൽകുന്നതിലേക്ക് നയിച്ച ഹരീഷ് റാണയുടെ കേസ് മികവോടെ അഭിഭാഷക അവതരിപ്പിച്ചത് വിധിയിൽ എടുത്തുപറഞ്ഞ് സുപ്രീംകോടതി. ഹരീഷ് റാണയ്ക്കുവേണ്ടി ഹർജിസമർപ്പിച്ച പിതാവിനായി വാദിച്ച അഡ്വ. രശ്മി നന്ദകുമാറിനാണ് സുപ്രീംകോടതിയുടെ പ്രശംസലഭിച്ചത്.
വിവിധരാജ്യങ്ങളിലേതുൾപ്പെടെ ഒട്ടേറെ കോടതിവിധികൾ ഹർജിയിൽ ഉൾപ്പെടുത്താൻ രശ്മിക്കുസാധിച്ചതായി ജസ്റ്റിസ് കെ.വി. വിശ്വനാഥന്റെ വിധിന്യായത്തിൽ പറഞ്ഞു. കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയുടെ സമീപനത്തെയും കോടതി അഭിനന്ദിച്ചു. ഹരീഷിന്റെ സാഹചര്യങ്ങളോട് വളരെ കരുതലോടെയും ബഹുമാനത്തോടെയും സമീപിക്കാൻ കോടതി തയ്യാറായത് ഭാഗ്യമായിക്കരുതുന്നതായി രശ്മി പറഞ്ഞു.
നിഷ്‌ക്രിയദയാവധവുമായി ബന്ധപ്പെട്ട് രോഗിയോ രോഗിയുടെ ഉറ്റവരോ സുപ്രീംകോടതിയിലെത്തുന്ന ആദ്യകേസാണിത്. ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയദയാവധം അനുവദിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ 2024-ൽ സുപ്രീംകോടതി തള്ളിയിരുന്നു. ഹരീഷ് വെന്റിലേറ്ററിലോ ഏതെങ്കിലും ജീവൻരക്ഷാ സഹായിയുടേയോ പിൻബലത്തിലല്ല കഴിയുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അതേസമയം, സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യംനൽകിയിരുന്നു. തുടർന്നാണ്, ഭേദഗതിവരുത്തിയ അപേക്ഷയുമായി രശ്മി നന്ദകുമാർവഴി വീണ്ടും സുപ്രീംകോടതിയിലെത്തിയത്.
'നിഷ്‌ക്രിയ ദയാവധ'ത്തിന് സുപ്രീംകോടതി അനുമതി
ഇന്ത്യയിൽ ആദ്യമായി 'നിഷ്‌ക്രിയ ദയാവധം' അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി. കെട്ടിടത്തിൽനിന്നുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് 13 വർഷമായി അബോധാവസ്ഥയിൽ ചലനമറ്റുകിടക്കുന്ന ഡൽഹിയിലെ ഹരീഷ് റാണയ്ക്ക് (32) വയറ്റിൽ ഘടിപ്പിച്ച ട്യൂബിലൂടെ നൽകുന്ന മരുന്നും ചികിത്സയും നിർത്തിവെക്കാനാണ് സുപ്രീംകോടതി അനുവദിച്ചത്. ഹരീഷിന്റെ ജീവൻരക്ഷാ സംവിധാനങ്ങൾ നിർത്താമെന്ന് ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെ പ്രാഥമിക മെഡിക്കൽ ബോർഡും എയിംസിലെ രണ്ടാം മെഡിക്കൽ ബോർഡും നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ നടപടി.
വീട്ടിൽ ചികിത്സയിൽ കഴിയുന്ന ഹരീഷിനെ അവിടെനിന്ന് എയിംസിന്റെ പാലിയേറ്റീവ് കെയർ വകുപ്പിലേക്ക് മാറ്റിയശേഷം അവിടെവെച്ചാണ് സി.എ.എൻ.എച്ച്. (ക്ലിനിക്കലി അസിസ്റ്റഡ് ന്യുട്രീഷ്യൻ ആൻഡ് ഹൈഡ്രേഷൻ-കുഴൽവഴിയോ ഡ്രിപ്പായോ പോഷകവും ജലാംശവും നൽകൽ) ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കേണ്ടത്.
ഹരീഷിന്റെ മാതാപിതാക്കളെ കോടതിയിലേക്ക് വിളിപ്പിച്ച് ജഡ്ജിമാർ ചേംബറിൽവെച്ച് വിശദമായി സംസാരിച്ചിരുന്നു. അവരുടെ അഭിഭാഷക രശ്മി നന്ദകുമാറിനെയും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയെയും ഹരീഷിന്റെ വീട്ടിലയച്ച് അവിടത്തെ സാഹചര്യങ്ങളും വിലയിരുത്തിയശേഷം അതിയായ കരുതലോടെയാണ് സുപ്രീംകോടതി നീങ്ങിയത്. അഡ്വ. രശ്മി നന്ദകുമാറിന്റെ അഭ്യർഥനപ്രകാരം 'നിഷ്‌ക്രിയ ദയാവധം' എന്നതിനുപകരം 'ചികിത്സ പിൻവലിക്കൽ' എന്നാണ് വിധിയിൽ പറയുന്നതെന്നതും ശ്രദ്ധേയമാണ്.
നിഷ്‌ക്രിയ ദയാവധം അനുവദിക്കാൻ 2018-ലും 2023-ലുമായി സുപ്രീംകോടതി തയ്യാറാക്കിയ മാർഗരേഖയിലെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് രണ്ടംഗ ബെഞ്ച് തീരുമാനമെടുത്തത്. അതേസമയം, ഈ മാർഗരേഖ നിയമത്തിനു പകരമാവില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, ഇക്കാര്യത്തിൽ സമഗ്രമായ നിയമനിർമാണം വേണമെന്ന് കേന്ദ്രത്തോടഭ്യർഥിച്ചു. ജസ്റ്റിസ് പർദിവാലയുടെ വിധിയോട് യോജിച്ചുകൊണ്ട് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പ്രത്യേക വിധിന്യായമെഴുതി.
2013 ഓഗസ്റ്റ് 20-ന് രാഖി ദിനത്തിലാണ് ഹരീഷിന് അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതായി.
Content Highlights: Supreme Court permits passive euthanasia for the first time in India for Harish Rana., Advocate Rashmi Nandakumar praised by the court for exceptional legal representation., Court distinguishes between euthanasia and withdrawal of medical treatment., The verdict follows strict adherence to 2018 and 2023 Supreme Court guidelines., The court urges the central government to enact comprehensive legislation on this matter.
Published: 12 Mar 2026, 10:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented