അഹമ്മദാബാദ്: ഹിന്ദു വിവാഹ നിയമപ്രകാരം അഗ്നിക്ക് ചുറ്റുമുള്ള ഏഴ് ചുവടുകൾ (സപ്തപദി) ഉൾപ്പെടെയുള്ള അവശ്യമായ മതാചാരങ്ങൾ പാലിക്കാതെ നടത്തുന്ന വിവാഹങ്ങൾക്ക് നിയമസാധുതയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് കൈവശമുണ്ടെന്നത് കൊണ്ടുമാത്രം ഒരു വിവാഹം നിയമപരമാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഇലേഷ് ജെ. വോറ, ജസ്റ്റിസ് ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

To advertise here,

വിവാഹം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിൽ നിന്നുള്ള ഒരാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. യുവതിയുടെ പിതാവിന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന തനിക്ക് സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്തും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയും വിവാഹ രേഖകളിൽ ഒപ്പിടുവിച്ചുവെന്ന് ഹർജിക്കാരൻ വാദിച്ചു. മതാചാര പ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിട്ടില്ലെന്നും യുവതിയും കോടതിയിൽ സമ്മതിച്ചു.

1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം, കൃത്യമായ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി നടത്തുന്ന വിവാഹങ്ങൾ മാത്രമേ നിയമദൃഷ്ടിയിൽ നിലനിൽക്കുകയുള്ളൂയെന്ന് കോടതി പറഞ്ഞു. ഇതിനകം ശരിയായ രീതിയിൽ നടന്ന ഒരു വിവാഹത്തെ തെളിയിക്കാൻ മാത്രമേ വിവാഹ രജിസ്ട്രേഷനെ സംബന്ധിക്കുന്ന സെക്ഷൻ 8 സഹായിക്കുന്നുള്ളൂ. മതാചാരങ്ങൾ നടന്നില്ലെങ്കിൽ രജിസ്ട്രേഷൻ വഴി മാത്രം ഒരു വിവാഹം നിയമപരമാകില്ലെന്നും കോടതി വിശദീകരിച്ചു.

ഈ വസ്തുതകൾ നിലനിൽക്കെ, വിവാഹ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ വിവാഹം സാധുവാണെന്ന് കണ്ട് കേസ് വിചാരണയ്‌ക്കെടുത്ത കുടുംബകോടതിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. വിവാഹത്തിന്റെ അടിസ്ഥാനമായ ചടങ്ങുകൾ നടന്നിട്ടില്ലെന്ന് വ്യക്തമായാൽ ഹിന്ദു നിയമം വിവാഹത്തിന് നൽകുന്ന ആത്മീയമോ സാമൂഹികമോ നിയമപരമോ ആയ പദവി ആ ബന്ധത്തിന് ലഭിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ച കോടതി, വിവാഹ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ അധികൃതരെ സമീപിക്കാൻ ഹർജിക്കാരന് അനുമതി നൽകി.