ചെന്നൈ: ഹിന്ദുവായ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഇതടക്കമുള്ള കാരണങ്ങൾ മുൻനിർത്തി ഭർത്താവിന് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് പി. വടമലൈയുടെ ഉത്തരവ്.
ഭാര്യ ക്രിസ്തുമതം സ്വീകരിച്ചെന്നും താലിമാലയോ ആഭരണങ്ങളോ അണിയുന്നില്ലെന്നും തനിക്കെതിരേ മേലുദ്യോഗസ്ഥർക്ക് വ്യാജ പരാതികൾ നൽകിയെന്നും കാണിച്ചാണ് കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. ഭർത്താവിന്റെ ഹർജി അംഗീകരിച്ച തെങ്കാശി പ്രിൻസിപ്പൽ സബോർഡിനേറ്റ് കോടതി 2017-ൽ വിവാഹമോചനം അനുവദിച്ചു. ഇതിനെതിരേ ഭാര്യ നൽകിയ അപ്പീൽ തെങ്കാശി അഡീഷണൽ ജില്ലാ ജഡ്ജി 2019-ൽ തള്ളി. അതിനെ ചോദ്യംചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്നും അതു ചോദ്യംചെയ്തതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നുമാണ് അപ്പീലിൽ പറഞ്ഞത്. ഭാര്യ ക്രിസ്തുമതം സ്വീകരിച്ചത് തനിക്ക് മനോവിഷമമുണ്ടാക്കിയെന്നും മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയതുകാരണം അച്ചടക്ക നടപടി നേരിടേണ്ടിവന്നെന്നും വീട്ടിൽ നിരന്തരം വഴക്കാണെന്നും ഭർത്താവ് ബോധിപ്പിച്ചു. 1977-ലായിരുന്നു വിവാഹം. 36 വയസ്സുള്ള മകനും 33 വയസ്സുള്ള മകളുമുണ്ട്.
ഹിന്ദുസ്ത്രീകൾ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിച്ചുമാറ്റാറില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. താലിമാല ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ അണിയാൻ ഭാര്യ വിസമ്മതിക്കുന്നത് അവർ ക്രിസ്തുമതം സ്വീകരിച്ചെന്നതിന്റെ തെളിവായെടുക്കാം. ഭർത്താവിനെതിരേ മേലുദ്യോഗസ്ഥർക്ക് പരാതി നൽകുന്നതും ക്രൂരതയാണ്. ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്നതിന് തെളിവു ഹാജരാക്കാൻ ഭാര്യക്ക് കഴിഞ്ഞിട്ടുമില്ല -ജസ്റ്റിസ് പി. വടമലൈ വിധിന്യായത്തിൽ പറഞ്ഞു.
Content Highlights: Madras HC upholds divorce due to wife removing Thali chain., Court considers removing Thali as evidence of religious conversion., Filing false complaints against spouse's employer is deemed cruelty., Lack of evidence for allegations of extramarital affairs., Legal precedent regarding traditional symbols in Hindu marriage.
Published: 03 Jun 2026, 04:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented