
ഗുജറാത്ത്: മുസ്ലിം സമുദായത്തില്‍ പെട്ട അഞ്ച് പേരെ പരസ്യമായി തല്ലിയെന്ന ആരോപണം നേരിടുന്ന നാല് പോലീസുകാര്‍ക്കെതിരെ ഗുജറാത്ത് ഹൈക്കോടതി കോടതി അലക്ഷ്യ കുറ്റം ചുമത്തി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ്മാരായ എ എസ് സുപേഹിയ, ജസ്റ്റിസ് എം ആര് മെങ്ഡെ എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് കുറ്റം ചുമത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച ഡി കെ ബസു കേസിലെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കേസിലാണ് കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്.
ഗുജറാത്തിലെ ഖേദ ജില്ലയിലെ മല്ലേക് കുടുംബത്തിലെ അഞ്ച് മുസ്ലിങ്ങളെ പരസ്യമായി തല്ലിയ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ഗുജറാത്ത് ഹൈക്കോടതി നടപടി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായ കല്ലേറിനെ തുടര്‍ന്നാണ് പോലീസ് മുസ്ലിങ്ങളെ പരസ്യമായി തല്ലിയത്. തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
തങ്ങളെ അറസ്റ്റ് ചെയ്തപ്പോള്‍ സുപ്രീം കോടതി ഡി കെ ബസു കേസില്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. എ വി പര്‍മാര്‍, ഡി ബി കുമാവാത്, കനക്സിംഗ് ലക്ഷ്മണ് സിംഗ്, രാജു രമേശ്ഭായ് ദാബി എന്നീ പോലീസുകാര്‍ക്ക് എതിരയെയാണ് കോടതി അലക്ഷ്യ കുറ്റം ചുമത്തിയത്.
എന്നാല്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഡി ബി കുമാവത്ത് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ കുമാവത്ത് അവിടെ ഉണ്ടായിരുന്നെന്നും, ഇരകളെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നാല് പേര്‍ക്കെതിരെയും കുറ്റം ചുമത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഒക്ടോബര്‍ 11 നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പോലീസുകാരോട് ഹൈക്കോടതി നിര്‍ദേശിച്ചു.
Content Highlights: Guajarat high court, Flogging of musloim men,Justice AS Supehiya, MR Mengdey,contempt of court
Published: 04 Oct 2023, 02:55 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented