കൊച്ചി: ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ പരിഷ്കാരം നിലവിൽ വന്നതോടെ സാധാരണക്കാരടക്കം നിർമാണമേഖലയിലേക്ക് ഉറ്റുനോക്കുകയാണ്. സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ നിർമാണസാമഗ്രികളിലെ പത്ത് ശതമാനം ഇളവ് നിർമാണച്ചെലവിൽ എത്രത്തോളം ലാഭമുണ്ടാക്കും എന്നതിലാണ് പൊതുവായുള്ള ആകാംക്ഷ. എന്നാൽ പെട്ടെന്നുതന്നെയുള്ള ഒരു മാറ്റം പ്രകടമാകാൻ സാധ്യതയില്ലെന്നാണ് മേഖലയിലെ വിദഗ്ധർ അറിയിക്കുന്നത്. അപ്പോഴും സ്വന്തമായി വീട് വയ്ക്കാൻ ഒരുങ്ങുന്നവർക്ക് ആശ്വാസത്തിന് വകയുണ്ട്. മൊത്തം നിർമാണച്ചെലവിൽ ചതുരശ്ര അടിക്ക് ഏകദേശം 100 രൂപയുടെ കുറവുവരെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നതാണ് കാരണം.

To advertise here,

നിർമാണസാമഗ്രികളുടെ വില കുറഞ്ഞത് സാധാരണക്കാരെ വീടുപണിയാൻ പ്രേരിപ്പിക്കുകയും, നിർമാണ മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ആക്കംകൂട്ടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

ഫ്ളാറ്റ് വിലയിൽ ഉടൻ മാറ്റം വന്നേക്കില്ല

ഫ്ളാറ്റ് വിൽപ്പന പോലുള്ള മേഖലകളിൽ ജിഎസ്ടി പരിഷ്‌കാരത്തിന്റെ മാറ്റം ഉടൻ പ്രതിഫലിക്കാൻ സാധ്യതയില്ലെന്ന് അസറ്റ് ഹോംസ് എംഡി സുനിൽ കുമാർ പറഞ്ഞു. ഫ്ളാറ്റുകളുടെ വില ജിഎസ്ടി പരിഷ്‌കാരം വന്ന നിർമാണസാമഗ്രികളെ മാത്രം ആശ്രയിച്ചല്ല എന്നതാണ് കാരണം. വിപണിയിലെ ഡിമാൻഡ്, പ്രോജക്ട് നിലവിലുള്ള സ്ഥലം അടക്കമുള്ള പ്രത്യേകതകളാണ് വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. കൂടാതെ വലിയ മുതൽമുടക്കിൽ നിർമാണം പൂർത്തിയാക്കിയ ഫ്ളാറ്റുകളുടെ വില കുറയ്ക്കാൻ ബിൽഡർമാർക്ക് സാധിക്കില്ല. അതിനാൽ പുതിയ പ്രോജക്ടുകൾ വരുമ്പോഴായിരിക്കും വിലക്കുറവിന് നേരിയ സാധ്യതയെങ്കിലും ഉണ്ടാവുക.

വീടുപണിയുന്നവർക്ക് ലാഭം

ജിഎസ്ടി നിരക്കുകൾ കുറഞ്ഞതിന്റെ ഗുണഭോക്താക്കൾ വ്യക്തിഗതമായി വീടുകൾ നിർമിക്കുന്നവരായിരിക്കും. സിമന്റിന് 40 രൂപ വരെ വിലയിലുണ്ടാകുന്ന മാറ്റമാണ് നേട്ടമാകുന്നത്. ഇതുവഴി ചതുരശ്ര അടിക്ക് ഏകദേശം 100 രൂപയോളം കുറവാണ് കണക്കാക്കുന്നത്. ഈ ഇളവ് മുതലാക്കി വീടുകൾ നിർമിക്കാൻ കൂടുതൽപേർ തയ്യാറെടുക്കുമെന്നും നിർമാതാക്കൾ വിലയിരുത്തുന്നു. ഇതുമൂലം നിർമാണ മേഖലയിൽ പുത്തൻ ഉണർവ് പ്രകടമാകുമെന്ന് വീഗാലാൻഡ് ഹോംസ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ കുര്യൻ തോമസ് പറഞ്ഞു. അപ്പോഴും നിർമാണ ചെലവിന്റെ വലിയൊരു വിഹിതം ഭൂമിയുടെ വിലയാണെന്ന് മനസ്സിലാക്കണം. നിർമാണസാമഗ്രികളിൽ ചിലതിന് വില കുറയുകയും ഒപ്പം ഭൂമിവില ഉയരുകയും ചെയ്യുകയാണെങ്കിൽ പരിധിവിട്ട ലാഭം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.