ന്യൂഡല്‍ഹി: കൊറോണവൈറസ് മഹാമാരിമൂലമുണ്ടായ അധിക ചെലവുകളും സാമ്പത്തിക ഞെരുക്കവും മറികടക്കാന്‍ കോവിഡ് സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. നികുതി സെസ് രൂപത്തിലാണോ അതോ സര്‍ചാര്‍ജിലാണോ പിരിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടാകും. 

ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന വരുമാന ബ്രാക്കറ്റിനും ചില പരോക്ഷനികുതികള്‍ക്കും കീഴിലുള്ള നികുതിദായകരില്‍ നിന്നുള്ള ഒരു ചെറിയ സെസ്സിനെ പറ്റിയാണ് പ്രാഥമിക ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട് പറയുന്നു. പെട്രോളിയം, ഡീസല്‍, കസ്റ്റംസ് തീരുവ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പ്രാഥമിക കണക്കുകളനുസരിച്ച് കോവിഡ് വാക്‌സിനായി 60000 കോടി മുതല്‍ 65000 കോടി രൂപ വരെ ചെലവ് വരും. ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

Content Highlights: Govt May Impose Covid-19 Cess to Make Up for Financial Drain Due to Pandemic