ന്യൂഡൽഹി: പാചകവാതക സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ മിന്നൽപരിശോധനകൾ ശക്തിപ്പെടുത്തി കേന്ദ്രസർക്കാർ. അതിനിടെ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിൻഡർ വിതരണം 29 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ ആരംഭിച്ചതായി പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു. വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചു.

To advertise here,

മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്‌, ആന്ധ്രപ്രദേശ്, ബിഹാർ, ഒഡിഷ, കർണാടക സംസ്ഥാനങ്ങളിലെ 1400-ൽപ്പരം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടന്നു. യു.പി.യിൽ മാത്രം 20 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേർക്കെതിരേ നടപടിയെടുത്തു.

ഗാർഹിക സിലിൻഡറുകൾ ആവശ്യത്തിനുണ്ടായിട്ടും പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്‌. ആളുകൾ ഇതിൽനിന്ന് പിന്തിരിയണം. കഴിഞ്ഞദിവസം 75 ലക്ഷം പേരാണ് ബുക്ക് ചെയ്തതെങ്കിൽ ഇപ്പോഴത് 88 ലക്ഷമായെന്നും ജോ.സെക്രട്ടറി പറഞ്ഞു.

പെട്രോൾ ഡീസൽ ക്ഷാമമില്ല

പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നും ഇന്ധനം ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുന്നതിനാൽ ഇറക്കുമതി വേണ്ടെന്നും അവർ പറഞ്ഞു

പാചകവാതക ബുക്കിങ് ഇടവേള ഗ്രാമീണമേഖലയിൽ 45 ദിവസവും നഗരമേഖലയിൽ 25 ദിവസവുമാക്കി. വാണിജ്യ ഉപഭോക്താക്കൾക്ക് പൈപ്പ് ലൈൻ ഗ്യാസ്‌ കണക്ഷൻ(പി.എൻ.ജി.) ലഭ്യമാക്കാൻ ഗെയിൽ അധികൃതർ അതത് സിറ്റി ഗ്യാസ് വിതരണക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എൽ.പി.ജി.യിൽനിന്ന് പി.എൻ.ജി.യിലേക്ക് എളുപ്പത്തിൽ മാറാമെന്നും ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും സുജാതാ ശർമ പറഞ്ഞു.

രാജ്യതലസ്ഥാനമേഖലയിലെ വ്യവസായങ്ങൾ, ഹോട്ടലുകൾ, എന്നിവയ്ക്ക്‌ ഒരു മാസം എൽ.പി.ജി.ക്കും പ്രകൃതിവാതകത്തിനും പകരമായി ജൈവ ഇന്ധനം ഉപയോഗിക്കാൻ അനുമതി നൽകി. വാഹനങ്ങൾക്കുള്ള പൈപ്പ്‌ലൈൻ ഗ്യാസ്, സി.എൻ.ജി. വിതരണം തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും സുജാതാ ശർമ അറിയിച്ചു.