പനാജി: ഗോവയിലെ നിശാക്ലബ്ബിലെ തീപ്പിടിത്തത്തിന് തൊട്ടുമുമ്പുള്ള ദൃശ്യം പുറത്ത്. "മെഹ്ബൂബാ.. മെഹ്ബൂബാ’ എന്ന ഗാനത്തിന് ചുവടുവെച്ച് നർത്തകി നൃത്തംചെയ്യുന്നതും ഇതിനിടെ തൊട്ടു മുകളിലായി തീപടരുന്നതും ദൃശ്യങ്ങളിൽ കാണാം. തീ പടർന്നുതുടങ്ങുമ്പോൾ ആളുകൾ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

To advertise here,

ബാഗയിലെ അർപോറയിലെ 'ബിർച്ച് ബൈ റോമിയോ ലേൻ' എന്ന നിശാക്ലബ്ബിലാണ് തീപ്പിടിത്തമുണ്ടായത്. 25 പേരാണ് മരിച്ചത്. വിനോദ സഞ്ചാരികൾ ക്ലബ്ബിൽ നൃത്തം ആസ്വദിച്ചിരിക്കുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. നൂറോളം വിനോദ സഞ്ചാരികളായിരുന്നു ക്ലബ്ബിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് വിനോദ സഞ്ചാരികളും മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഷോലെ എന്ന ചിത്രത്തിലെ "മെഹ്ബൂബാ.. മെഹ്ബുബാ... " എന്ന ഗാനത്തിന് ചുവടുവെക്കുകകയായിരുന്നു നർത്തകി. ചുറ്റും മറ്റ് സംഗീതഞ്ജരേയും കാണാം. ഇതിനിടെയാണ് നർത്തകയുടെ തൊട്ടു മുകളിലായി തീപടർന്നത്. സ്ഥലത്തുണ്ടായിരുന്നവർ ആദ്യഘട്ടത്തിൽ ഇത് വലിയ കാര്യമാക്കിയില്ല. എന്നാൽ, തീപടർന്നതോടെ സംഗീതോപകരണങ്ങളടക്കം ഉപേക്ഷിച്ച് സ്ഥലത്ത്നിന്ന് എല്ലാവരും മാറി.

മിനിറ്റുകൾക്കുള്ളിൽ തീ നിശാക്ലബ്ബിനെ വിഴുങ്ങിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇടുങ്ങിയ പ്രവേശന കവാടമായതിനാൽ ആളുകൾക്ക് പെട്ടെന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജീവനക്കാരടക്കം പലരും ഇവിടെ കുടുങ്ങിപ്പോയി. പലരും പുകശ്വസിച്ച് ശ്വാസതടസ്സം നേരിട്ടാണ് മരിച്ചത്.

ക്ലബ്ബിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ അഗ്നിരക്ഷാ സംഘത്തിന് സ്ഥലത്ത് എത്തിച്ചേരാനും ബുദ്ധിമുട്ടുണ്ടായി. ഫയർഫോഴ്സ് വാഹനം 400 മീറ്റർ അകലെ നിർത്തിയിട്ട ശേഷമായിരുന്നു രക്ഷാപ്രവർത്തനം.