ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തന്നോട് മോദി വളരെ അനുഭാവപൂര്‍വമാണ് പെരുമാറിയതെന്ന് ആസാദ് പറഞ്ഞു. അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസിന് ഭരണം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആത്മകഥയായ ആസാദ് എന്ന പുസ്തകം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

To advertise here,

പ്രധാനമന്ത്രി വിളിച്ച അത്താഴവിരുന്നുകളിലൊന്നും താന്‍ പങ്കെടുക്കാതിരുന്നത് അനുചിതമായെന്ന് ആസാദ് പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഞാന്‍ അവര്‍ക്കെതിരെ 70 പ്രസംഗം നടത്തി. എന്നാല്‍ ഇവയെല്ലാം അവഗണിച്ചുകൊണ്ട് മോദി തന്റെയടുത്ത് അനുഭാവത്തോടെ പെരുമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. 

രാഹുല്‍ തന്നെ ബി.ജെ.പി ഏജന്റെന്ന് വിളിച്ചതായി ആസാദ് കുറ്റപ്പെടുത്തി. മാറ്റങ്ങള്‍ കൊണ്ടുവന്ന് പാര്‍ട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാല്‍ രാഹുലിനും കൂട്ടരും മാറ്റത്തിന് തയ്യാറായിരുന്നില്ല. രാഹുലിന്റെ നേതൃത്വമില്ലായ്മയാണ് നിലവിലെ പാര്‍ട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഗുലാം നബി ആസാദും ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടി സംവിധാനത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും വലിയ ഗുണഭോക്താക്കളായിരുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. എന്നാല്‍ ഇത് അവര്‍ അര്‍ഹിച്ചിരുന്നില്ല. ഇത്രയും കാലം മറച്ചുവച്ചിരുന്ന യഥാര്‍ത്ഥ സ്വഭാവമാണ് അവര്‍ വെളിപ്പെടുത്തുന്നതെന്നും ജയറാം രമേശ് തന്റെ ട്വീറ്റിലൂടെ പ്രതികരിച്ചു.