ഇന്ത്യയുടെ തന്ത്രപ്രധാനവും എന്നാൽ, ദുർബലവുമായ അതിർത്തിപ്രദേശമാണ് ലഡാക്ക്. അഞ്ചുപേരുടെ മരണത്തിനിടയാക്കി, കഴിഞ്ഞദിവസങ്ങളിൽ ലഡാക്കിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഒരു സാധാരണ ഭരണപ്രതിസന്ധിയായി കാണാനാവില്ല.ആത്മാർഥസേവനത്തിന്റെ പ്രതിരൂപമായി മാത്രമേ ചരിത്രത്തിൽ ലഡാക്കിനെ കാണാനാവൂ. 1947-ലും 1962-ലും അധിനിവേശ ശക്തികൾക്കെതിരേ ലഡാക്ക് ജനത പോരാടിയത് നമ്മൾ കണ്ടു. രാജ്യത്തിന്റെ വടക്കൻ അതിർത്തി അവർ സുഭദ്രമാക്കി. 1999-ലെ കാർഗിൽ യുദ്ധത്തിൽ, പ്രതികൂല കാലാവസ്ഥയിലും അതിശൈത്യത്തിലും സൈനികർ പോരാടി. കേണൽ ച്യുവാങ് റിൻചെനും കേണൽ സോനം വാങ്ചുക്കും അങ്ങനെ ധീരതയുടെ പ്രതീകങ്ങളായി. ഇന്ത്യൻയൂണിയനിലേക്കുള്ള ലഡാക്കിന്റെ ലയനവും കേന്ദ്രഭരണപ്രദേശത്തിനായുള്ള പോരാട്ടത്തിലും കുശോക് ബകുല റിൻപോച്ചെയെപോലുള്ള ആത്മീയനേതാക്കളുടെ ഇടപെടലുണ്ടായി. രാജ്യത്തിന്റെ സ്വാധീനം ഏഷ്യയിലേക്ക് വ്യാപിപ്പിക്കുന്നതിലുൾപ്പെടെ അവരുെട സജീവഇടപെടലുകൾ കാണാം.

To advertise here,

2019-ൽ കേന്ദ്രഭരണപ്രദേശമായുള്ള ലഡാക്കിന്റെ മാറ്റം അധികംപേരും ഏറ്റെടുത്തു. ശ്രീനഗറിന്റെ സ്വാധീനവലയത്തിൽനിന്നുള്ള മോചനവും കേന്ദ്രഭരണത്തോട് കൂടുതൽ ചേർന്നുനിൽക്കാനുള്ള അവസരവുമായി അവരതിനെ കണ്ടു. സംയോജനവും ശാക്തീകരണവും സമാന്തരമായി സഞ്ചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പലകുറി ഊന്നിപ്പറയുകയുണ്ടായി. ലഡാക്കിന്റെ കാര്യത്തിൽ ഇത്, രാജ്യത്തിന്റെ സുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത, ജനാധിപത്യപ്രാതിനിധ്യം എന്നിവയിലധിഷ്ഠിതമാണ്. എന്നാൽ, അത്തരത്തിലുള്ള സന്തുലിതാവസ്ഥ ഇനിയും കൈവരിക്കാനുണ്ട്. ഇവയ്ക്കിടയിലെ അകൽച്ചയാണ് ലഡാക്കിന്റെയും കാർഗിലിന്റെയും തെരുവുകളിൽ പ്രതിഫലിക്കുന്നതും.

ആശങ്കകളുടെ പ്രതിഫലനം

ചരിത്രപരമായി, രാഷ്ടീയ-മത വിഭജനത്തിലായിരുന്ന രണ്ടു പ്രദേശങ്ങളാണ് ലഡാക്കും കാർഗിലും. ബുദ്ധമതവിശ്വാസികളും മുസ്‌ലിം മതവിശ്വാസികളും രണ്ട് വിശ്വാസങ്ങളോടെയും വ്യവഹാരങ്ങളോടെയും ജീവിക്കുന്നയിടം. എന്നാൽ, ഇന്നതല്ല സാഹചര്യം. ലേ അപെക്സ് ബോഡി(എൽഎബി)യും കാർഗിൽ ഡെമക്രാറ്റിക് അലയൻസും ഒന്നിച്ചിരിക്കുന്നു. പതിറ്റാണ്ടുകൾക്കിപ്പുറം അവർ ഒറ്റസ്വരമായി മാറിയിരിക്കുന്നു. ഈ മാറ്റം അവരുടെ ആവശ്യങ്ങൾക്ക് നിയമസാധുത വർധിപ്പിക്കുമെന്ന് മാത്രമല്ല, ‘ഡൽഹി’ ഗൗരവത്തോടെ കാര്യങ്ങളെ നേരിടണമെന്ന മുന്നറിയിപ്പുകൂടിയാണ്.

നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ചർച്ചകൾക്ക് അധികാരവൃത്തങ്ങൾ തയ്യാറായിട്ടുണ്ട്. എന്നാൽ, ഘടനാപരവും സുസ്ഥിരവുമായ ചർച്ചകളാണുണ്ടാകേണ്ടത്. സംസ്ഥാനപദവി നൽകുക, ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക, അധിനിവേശ ശക്തികളിൽനിന്ന് ഭൂമിക്കും സമ്പത്തിനും സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിനിധികൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ ആവശ്യങ്ങളൊന്നുംതന്നെ യുക്തിരഹിതമല്ല. പാർശ്വവത്‌കരിക്കപ്പെടുമെന്നും ഭരണസംവിധാനത്തിലെ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നുമുള്ള സ്വാഭാവിക ആശങ്കകളുടെ പ്രതിഫലനം മാത്രം.

ഇടപെടൽ ക്രിയാത്മകമാവണം

സംസ്ഥാനപദവിയും ആറാം ഷെഡ്യൂൾ സംരക്ഷണവും സങ്കീർണവിഷയങ്ങളാണ്. അതേസമയം, ലഡാക്കെന്ന ജനസംഖ്യ കുറഞ്ഞ, സങ്കീർണമായ അതിർത്തിയുള്ള വലിയ ഭൂപ്രദേശത്തിന് സൂക്ഷ്മജാഗ്രത ആവശ്യമാണ്. ജാഗ്രതയെന്നാൽ അനിശ്ചതത്വം എന്നല്ല അർഥം. അതിന് ക്രിയാത്മകമായ പരിഹാരമാണ് കേന്ദ്രം നടപ്പാക്കേണ്ടത്.

ലഡാക്കിലെ സാഹചര്യങ്ങൾക്കനുസരിച്ച് ആറാം ഷെഡ്യൂൾ വ്യവസ്ഥകൾ പൊരുത്തപ്പെടുത്തുകയോ, കൂടുതൽ നിയമനിർമാണ അധികാരങ്ങൾ നൽകി ഹിൽ കൗൺസിലുകളെ ശക്തിപ്പെടുത്തുകയോ, മറ്റ്‌‌ അതിർത്തിപ്രദേശങ്ങളിലേതുപോലെ ഭൂമിക്കും തൊഴിലിനും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുകയോ ഒക്കെ ചെയ്യേണ്ടതുണ്ട്. ഇന്ത്യയുടെ നിലനിൽപ്പിനും സുരക്ഷയ്ക്കും അവിഭാജ്യമാണ് ലഡാക്കിന്റെ പരിസ്ഥിതി. ഉയർന്ന മരുഭൂമികളും ദുർബലമായ മഞ്ഞുമലകളുമൊക്കെ അനിയന്ത്രിത പദ്ധതികളാൽ തകരാൻ പാടില്ല. മെഗാ സോളാർ പാർക്കുൾപ്പെടെയുള്ള പദ്ധതികൾ ലഡാക്കിലേക്കായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ലഡാക്കിനെ ഒരു ഊർജോത്‌പാദക കേന്ദ്രമായിമാത്രം കാണാനാവില്ല. പുൽമേടുകളെ ഇല്ലാതാക്കുകയും തദ്ദേശീയരുടെ നിലനിൽപ്പിനെ അവതാളത്തിലാക്കുകയുമൊക്കെയുണ്ടായാൽ അത് ദുർബലമായ പ്രദേശത്തെ അതിദുർബലമാക്കും.

കാലാവസ്ഥാപ്രതിസന്ധിതന്നെ ലഡാക്കിനെ വലിയ രീതിയിൽ ദുർബലമാക്കിയിട്ടുണ്ട്. ഹിമാനികൾ ഉരുകിത്തുടങ്ങി. ജലസ്രോതസ്സുകൾ ദുർബലമായി. പരമ്പരാഗത കാർഷികവൃത്തി പുതിയ വെല്ലുവിളികൾ നേരിടാൻ തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഏതൊരു വികസനവും പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടാവണം.

ആശങ്ക-പ്രാതിനിധ്യം-പ്രതീക്ഷ

തൊഴിലവസരങ്ങളാണ് ലഡാക്ക് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. വിദ്യാഭ്യാസത്തിനും അഭിരുചിക്കും അനുസൃതമായ തൊഴിലവസരങ്ങൾ അവിടത്തെ ചെറുപ്പക്കാർ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്രഭരണപ്രദേശമായതിൽപ്പിന്നെപ്പോലും മതിയായ തൊഴിലവസരങ്ങളോ സ്വകാര്യമേഖലയുടെ സമാന്തരവളർച്ചയോ ഭരണകൂടം നടപ്പാക്കിയിട്ടില്ല. ഇതൊക്കെയാവാം തങ്ങളുടെ പ്രാതിനിധ്യവും അവസരങ്ങളും പുറത്തുനിന്നുള്ളവർക്കായി തഴയപ്പെടുന്നെന്ന തോന്നലിലേക്ക് യുവാക്കളെ എത്തിച്ചത്.

സർക്കാർ-പൊതുമേഖലാ ഇടങ്ങളിൽ തദ്ദേശീയജനതയ്ക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതികൾ അവതരിപ്പിക്കണം. സംരംഭകത്വം, വിനോദസഞ്ചാരമേഖലയിൽ നൈപുണി പരിശീലനം, പുനരുപയോഗ ഊർജം, ഡിജിറ്റൽ സേവനങ്ങൾ എന്നിവ യുവതലമുറയ്ക്കുമുന്നിൽ അവസരവഴികൾ തുറന്നിടുന്ന മേഖലകളാണ്. തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നത് ഒരു സാമ്പത്തിക ആവശ്യം മാത്രമല്ല; അതൊരു രാഷ്ട്രീയ ആവശ്യകത കൂടിയാണ്. ദുർബലമായ ഒരു അതിർത്തിയിൽ നിരാശരായ യുവാക്കളുടെ സാന്നിധ്യം ഡൽഹിക്ക് അവഗണിക്കാൻ കഴിയാത്ത അപകടസാധ്യതകൾ ഉയർത്തുന്നുണ്ട്.
ലഡാക്കിലുടലെടുത്ത ഈ പ്രതിസന്ധി വെറും കലാപമല്ല. ചർച്ചകൾ വൈകിയതും അവസരങ്ങൾ അകന്നതും ഇനിയും പരിഹരിക്കപ്പെടാത്ത ഒരുപാട് പ്രതിസന്ധികളുമെല്ലാം അതിന് വഴിപാകി. ആശങ്കയും നിരാശയ്ക്കുമപ്പുറം, ഇനിയും സമയം വൈകിയിട്ടില്ല, രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനവും ഏകോപിപ്പിക്കലുമാണ് വേണ്ടത്.

ഡൽഹിക്ക് ഇക്കാര്യത്തിൽ രണ്ട് വഴികളാവാം; ലഡാക്കിലെ ജനങ്ങളിൽ വിശ്വാസം പടുത്തുയർത്തി അതിർത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തുക. അതായത് എൽഎബിയെയും കാർഗിൽ ഡെമക്രാറ്റിക് അലയൻസിനെയും മധ്യസ്ഥരായി പരിഗണിക്കാം. യുവാക്കളെയും സ്ത്രീകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സജീവ ചർച്ചകളാവാം. ഭരണതീരുമാനങ്ങൾ തന്ത്രപരം മാത്രമല്ല മറിച്ച് സാമൂഹികവും പാരിസ്ഥിതികവും കൂടെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഉപേക്ഷയല്ല ജനാധിപത്യം

യുദ്ധത്തിലും സമാധാനത്തിലും ലഡാക്ക് ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇന്നവിടം പ്രാതിനിധ്യത്തിനും അന്തസ്സിനും അംഗീകാരത്തിനും വേണ്ടിയാണ് പോരാടുന്നത്. ക്രിയാത്മകമായും സഹാനുഭൂതിയോടെയും വേണം ഡൽഹിയുടെ ഇടപെടൽ. ലഡാക്കിന്റെ താത്‌പര്യം മാത്രമല്ല, വിശാലമായ ദേശതാത്‌പര്യം കൂടിയാണിത്. ഇന്ത്യക്ക്‌ വിശ്വാസം നൽകിയ ഒരു അതിർത്തി ഒരിക്കലും ഉപേക്ഷിക്കപ്പെട്ടതായി തോന്നരുത്. ഇന്നെടുക്കുന്ന തീരുമാനങ്ങൾ ലഡാക്ക്‌ ഇന്ത്യയുടെ വിശ്വസ്തകാവൽക്കാരനായി മാത്രമല്ല, അതിന്റെ ജനാധിപത്യ ഘടനയെ ശാക്തീകരിക്കുമോ എന്നുകൂടി നിർണയിക്കും.

തൊഴിലെവിടെ

ജസ്ന ജയൻ
(ഫാക്ട്‌ചെക്ക്‌ ഡെസ്ക്‌, മാതൃഭൂമി)

സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട വാർഷിക ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് (2023-24) പ്രകാരം ലഡാക്കിലെ യുവാക്കൾക്കിടയിലെ (15-29 വയസ്സ്) തൊഴിലില്ലായ്മനിരക്ക് 22.2 ശതമാനമാണ്. ദേശീയശരാശരി 10.2 ശതമാനവും. 15 മുതൽ 59 വയസ്സുവരെയുള്ളവർക്കിടയിലെ തൊഴിലില്ലായ്മ 5.6 ശതമാനം മാത്രമാണ്. അതായത് യുവാക്കൾക്കിടയിൽ വലിയതോതിൽ തൊഴിലില്ലായ്മ നിലനിൽക്കുന്നുവെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ടുതന്നെ വ്യക്തമാക്കുന്നു. മുൻവർഷങ്ങളിൽ 2022-23 വർഷത്തിൽ 15-നും 29-നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ 28.1 ശതമാനമായിരുന്നു. 15-നും 59-നും ഇടയിലുള്ളവർക്കിടയിലെ തൊഴിലില്ലായ്മ 6.7 ശതമാനം മാത്രവും. 2021-22ൽ തൊഴിലില്ലായ്മനിരക്ക് യഥാക്രമം 14.6 ശതമാനവും 3.8 ശതമാനവുമാണ്. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മനിരക്ക് ഗണ്യമായി വർധിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ജെഎൻയു സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ ഡീനും പ്രൊഫസറും പദ്‌മശ്രീ ജേതാവുമായ ലേഖകൻ ജമ്മുകശ്മീർ സർക്കാരിന്റെ ഉപദേശകനായിരുന്നു