ന്യൂഡല്‍ഹി: രാജ്യത്തെ യാഥാര്‍ഥ്യം അതിഥികളില്‍നിന്ന് മറച്ചുവെക്കേണ്ടതില്ലെന്ന് രാഹുല്‍ഗാന്ധി എം.പി. നമ്മുടെ ദരിദ്രജനങ്ങളേയും മൃഗങ്ങളേയും കേന്ദ്രസര്‍ക്കാര്‍ ഒളിപ്പിച്ചുവെക്കുകയാണെന്ന് എക്‌സില്‍ (ട്വിറ്റര്‍) രാഹുല്‍ഗാന്ധി ആരോപിച്ചു. രാജ്യതലസ്ഥാനത്ത് ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളും മറ്റും മറച്ചതിനെതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

To advertise here,

ജി20 ഉച്ചകോടി നടക്കുന്ന ഡല്‍ഹിയിലെ വസന്തവിഹാറില്‍ ചേരി കാഴ്ചയില്‍നിന്ന് മറച്ചതിന്റെ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഹുലിന്റെ ആരോപണം. 'എന്തിനാണ് പാവപ്പെട്ടവരെ മറച്ചുപിടിക്കുന്നത്, പി.എം. മോദി' എന്ന ചോദ്യവുമായുള്ള പോസ്റ്ററും പാര്‍ട്ടി പങ്കുവെച്ചിരുന്നു.

തെരുവുനായ്ക്കളെ കഴുത്തിനു പിടിച്ച് വലിച്ചിഴച്ച് മാറ്റുന്നതിന്റെ വീഡിയോ പങ്കുവെച്ചും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. തെരുവുനായ്ക്കള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. നായ്ക്കളെ നാടുകടത്തിയതിനെതിരെ എന്‍.ജി.ഒകളടക്കം രംഗത്തെത്തിയിരുന്നു.