ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഒരു സൈനികന്റെ നില ഗുരുതരമാണ്. സുരാൻകോട്ടെ മേഖലയിലെ സനായി ഗ്രാമത്തിൽവെച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾക്കു നേർക്ക് ഭീകരർ വെടിയുതിർത്തത്. 

To advertise here,

ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ ഉദ്ദംപുറിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം എത്തിച്ചു. വ്യോമസേനാ വാഹനങ്ങൾ വ്യോമസേനാതാവളത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. 

സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിൾസ് സൈനികർ സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൊല്ലം ഇതാദ്യമായാണ് മേഖലയിൽ സുരക്ഷാസേനയ്ക്കു നേർക്ക് ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞകൊല്ലം സുരക്ഷാസേനയ്ക്കു നേരെ മേഖലയിൽ നിരവധി ഭീകരാക്രമണങ്ങൾ നടന്നിരുന്നു.