ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയിലെ സ്വകാര്യ ഫാംഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഎന്‍എല്‍ഡി (ഇന്ത്യൻ നാഷണൽ ലോക്ദൾ) നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാംഹൗസ് എന്നും ഇത് ഗദായ്പുറിലാണ് സ്ഥിതിചെയ്യുന്നതെന്നുമാണ് വിവരം.

To advertise here,

മുന്‍രാഷ്ട്രപതിമാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗികവസതി സജ്ജമാകുന്നതിന് പിന്നാലെ ഫാംഹൗസില്‍നിന്ന് ധന്‍കര്‍ അവിടേക്ക് മാറും. ജൂലൈമാസം 21-ാം തീയതിയാണ് അദ്ദേഹം ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു രാജിയെങ്കിലും അത് വലിയതോതില്‍ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജിക്ക് ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ധന്‍കറിന്റെ പിന്‍ഗാമിയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതാം തീയതി നടക്കും. സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാമുന്നണി സ്ഥാനാര്‍ഥി.