
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരാണ് കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെയാണ് ഇവർ രാജ്യസഭയിൽനിന്നും പാർട്ടിയിൽനിന്നും രാജിവെച്ചത്.
സാൾട്ട് ലേക്കിലെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ നേതാക്കളെ പാർട്ടി പതാക നൽകി സ്വീകരിച്ചു. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. സുഖേന്ദു ശേഖർ റേയുടെയും പ്രകാശ് ബരായ്ക്കിന്റെയും രാജ്യസഭ കാലാവധി 2029 സെപ്റ്റംബർ വരെയും സുഷ്മിത ദേവിന്റേത് 2030 ഏപ്രിൽ വരെയുമായിരുന്നു. കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെയാണ് ഇവർ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്.
ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 24-ന് നടക്കും. ഈ മൂന്ന് സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. രാജ്യസഭാ സീറ്റുകളെക്കുറിച്ചുള്ള തീരുമാനം പാർട്ടി ഹൈക്കമാൻഡിന്റേതാണെന്നും താൻ പദവികൾ പ്രതീക്ഷിച്ചല്ല ബിജെപിയിൽ ചേർന്നതെന്നും സുഷ്മിത ദേവ് പ്രതികരിച്ചു. പരിചയസമ്പന്നരായ ഈ നേതാക്കളുടെ വരവ് ബംഗാളിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സമിക് ഭട്ടാചാര്യ പ്രതികരിച്ചു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ബംഗാളിലെ രാഷ്ട്രീയ കണക്കുകൾ പൂർണമായും മാറിമറിഞ്ഞു. 294 അംഗ സഭയിൽ 208 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ കക്ഷിയായപ്പോൾ തൃണമൂലിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതിനുപിന്നാലെ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജി പക്ഷമെന്നും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി പക്ഷമെന്നും രണ്ട് പക്ഷമായി എംഎൽഎമാർ തിരിഞ്ഞു. നിലവിൽ 65 എം.എൽ.എമാർ ഋതബ്രത പക്ഷത്തും 15 പേർ മമത ബാനർജി പക്ഷത്തുമാണ് ഉള്ളത്.
നിലവിലെ സാഹചര്യത്തിൽ രാജ്യസഭയിലേക്ക് ബിജെപിക്ക് തങ്ങളുടെ 207 എംഎൽഎമാരെ ഉപയോഗിച്ച് മൂന്ന് സ്ഥാനാർഥികളെയും സുഗമമായി വിജയിപ്പിക്കാൻ സാധിക്കും. എന്നാൽ, തൃണമൂലിലെ ഭിന്നതകാരണം ഒരു വിഭാഗത്തിനും ഒറ്റയ്ക്ക് സീറ്റ് നേടാനുള്ള ഭൂരിപക്ഷമില്ല. സാധാരണ ഗതിയിൽ പ്രതിപക്ഷത്തിന് ഒരു സീറ്റ് ലഭിക്കുമായിരുന്ന സ്ഥാനത്ത്, ഈ ഭിന്നത ബിജെപിയെ മൂന്ന് സീറ്റുകളും തൂത്തുവാരാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Content Highlights: Three former TMC MPs join BJP in West Bengal ahead of the July 24, 2026, Rajya Sabha bypolls.
Published: 09 Jul 2026, 08:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented