
കൊൽക്കത്ത: സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഫോൺ വിളിച്ച് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായാണ് മമത എം.എ. ബേബിയെ ബന്ധപ്പെട്ടതെന്നാണ് വിവരം. ബദ്ധവൈരികളായ സിപിഎമ്മും തൃണമൂൽ കോൺഗ്രസും ബംഗാളിൽ ബിജെപിക്കെതിരായ വീണ്ടും കൈകോർക്കുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇരുപാർട്ടി നേതാക്കളും തമ്മിൽ നേരിട്ട് സംസാരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ ബിജെപി ഇതര പാർട്ടികളെ ഏകോപിപ്പിക്കാൻ നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് ആശയവിനിമയം നടന്നത്. എന്നാൽ, ഇന്ത്യ മുന്നണിയിലെ പാർട്ടികൾ ഇതുവരെ സംയുക്ത പ്രക്ഷോഭ പരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല.
സഖ്യത്തിന് പുറത്തുള്ള പ്രാദേശിക കക്ഷികളെക്കൂടി ഉൾപ്പെടുത്തി ഒരു സംയുക്ത പ്രതിഷേധത്തിന് ഇടതുപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ വ്യക്തമായ തീരുമാനങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഭരണകക്ഷിയായ എൻഡിഎയെ പ്രതിരോധിക്കാൻ പ്രതിപക്ഷ നിരയിൽ പുതിയ രാഷ്ട്രീയ സമവായങ്ങൾ രൂപപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ പ്രധാന വിഷയമായെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയ പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമേലും ഇന്ത്യൻ ജനാധിപത്യത്തിനുമേലുമുള്ള വീശ്വാസം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പ്രതിപക്ഷം അടിയന്തരമായി യോഗംചേർന്ന് യോജിച്ച പോരാട്ടത്തിന്റെ രൂപരേഖ ചർച്ചചെയ്യണമെന്ന് അഭ്യർത്ഥിച്ച് എൻഡിഎ ഇതര പാർട്ടികൾക്ക് സിപിഎം നേതാവ് എം.എ. ബേബി കത്തെഴുതിയിരുന്നു.
ഇന്ത്യ മുന്നണിക്ക് പുറത്തുള്ള ഡിഎംകെ, ടിവികെ, ബിആർഎസ്, ബിജെഡി, എഎപി തുടങ്ങിയ പാർട്ടികൾക്കും കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയായാണ് മമത, എം.എ. ബേബിയെ ഫോണിൽ ബന്ധപ്പെട്ടത്. ഞായറാഴ്ച എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 23-നാണ് വിവിധ പാർട്ടികൾക്ക് കത്തെഴുതിയതെന്നും, തുടർന്ന് മമത അനുകൂലമായി മറുപടി നൽകിയെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ശത്രുത കാരണം ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്നിട്ടും ഇരുപാർട്ടികളും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കിയിരുന്നു. എന്നാൽ, മമത കത്തിന് പിന്നാലെ ഫോൺ കോളിലൂടെയും ബേബിയുമായി സംസാരിക്കുകയായിരുന്നു. ഇന്ത്യ മുന്നണിയുടെ യോഗം ഉടൻ വിളിച്ചുചേർക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് മമത, ബേബിയോട് വിശദീകരിച്ചതായി അവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
യുവജന പ്രസ്ഥാനത്തിന്റെ ശക്തി ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രധാന ധാരയിലെ ഒരു പാർട്ടിയുടെ ആദ്യ നീക്കമെന്ന നിലയിൽ, ബേബി 'കോക്രോച്ച് ജനതാ പാർട്ടി'ക്കും കത്തെഴുതിയിട്ടുണ്ട്. രണ്ട് ഇലക്ഷൻ കമ്മീഷണർമാർ തങ്ങളുടെ സമ്മതമോ അറിവോ ഇല്ലാതെ ചീഫ് ഇലക്ഷൻ കമ്മീഷണർ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനെതിരെ എതിർപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എത്രയും വേഗം യോഗം ചേരണമെന്നാണ് ഇന്ത്യ മുന്നണിയിലെ ഒരു വിഭാഗത്തിന്റെ താൽപര്യം.
സംയുക്ത നീക്കത്തിന് കോൺഗ്രസ് മുൻകൈയെടുക്കാത്തതിലും ചില നേതാക്കൾക്ക് അമർഷമുണ്ട്. അതേസമയം, ഈ വിഷയം രാഷ്ട്രീയമായി മുതലെടുക്കാൻ അവസരം നൽകുന്നതിനാൽ കോൺഗ്രസ് ഒറ്റയ്ക്ക് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് സംയുക്ത നീക്കങ്ങൾക്ക് അവർ മുൻകൈയെടുക്കാത്തത് എന്നുമാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം വലിയ വിവാദമാകുന്നതിന് മുമ്പ്, വോട്ടർ പട്ടികയുടെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ച് ഇന്ത്യ മുന്നണിയുടെ യോഗം വിളിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഇതിനോട് അനുകൂലമായി പ്രതികരിച്ചെങ്കിലും മറ്റ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം തണുപ്പൻ മട്ടിലായിരുന്നു എന്നും ആരോപണങ്ങളുണ്ട്.
ഓഗസ്റ്റിൽ ഹൈദരാബാദിൽ ഇന്ത്യ മുന്നണിയുടെ യോഗം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. നിലവിലെ സാഹചര്യം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് ചൊവ്വാഴ്ച പ്രവർത്തക സമിതിയോഗം ചേരുമെന്നാണ് വിവരം.
Content Highlights: West Bengal Chief Minister Mamata Banerjee's unexpected phone call to CPM General Secretary M.A. Baby marks a rare direct communication between the two parties, raising speculation about a potential alliance against the BJP in Bengal. The conversation is part of broader efforts to unite non-BJP parties amid disputes over the appointment of central election commissioners, with CPM reaching out to various regional parties, including those outside the INDIA alliance.
Published: 26 Sept 2026, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented