ന്യൂഡൽഹി: മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങളും വിദ്വേഷ പ്രസംഗങ്ങളും തുടരുമ്പോഴും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടുന്നില്ലെന്ന പ്രതിപക്ഷ കക്ഷികളുടെ വിമർശനങ്ങൾക്കിടെ കമ്മിഷനിൽ കാര്യമായ പരിഷ്ക്കാരം അനിവാര്യമാണെന്ന അഭിപ്രായവുമായി മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർമാർ രംഗത്ത്. അശോക് ലവാസ, എസ്.വൈ ഖുറേഷി, എൻ.ഗോപാല സ്വാമി, ടി.എസ്. കൃഷ്ണ മൂർത്തി എന്നിവരാണ് കമ്മിഷനിൽ കാര്യമാറ്റം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാലുപേരും നിലപാട് വ്യക്തമാക്കിയത്.
ഭരണഘടനാ സ്ഥാപനങ്ങൾക്കുമുന്നിൽ പരാതി വന്നാൽ നടപടിയെടുക്കേണ്ടത് അതിന്റെ കടമയാണെന്ന് ബൻസ്വാരയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ചൂണ്ടിക്കാട്ടി അശോക് ലവാസ പറഞ്ഞു. ബൻസ്വാരയിലെ വിദ്വേഷ പ്രസംഗത്തിൽ നോട്ടീസയച്ചത് പ്രധാനമന്ത്രിക്ക് അല്ല, ബിജെപിക്കാണ്. പേരും പദവിയും അതിൽ പരാമർശിച്ചിരുന്നില്ല. വ്യക്തിയെ ഒഴിവാക്കാതെ പാർട്ടിയെ ഉൾപ്പെടുത്തുന്നത് മോശം ആശയം ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെങ്കിൽ അത് ആശങ്കാജനകമാണ്. ആവശ്യമുള്ളപ്പോൾ ഉചിതമായി നിയമം നടപ്പാക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയാണ്. തിരഞ്ഞെടുപ്പ് കമ്മിഷ്ണർമാർ സർക്കാരിന്റെ ഉദ്യോഗസ്ഥരല്ല. അവർ ഭരണഘടനയുടെ അധികാരികളാണ്. നിയമത്തിന്റെ കർശനമായ വ്യാഖ്യാനത്തിന് കീഴിൽ കമ്മിഷൻ ഭരണഘടനയോട് ഉത്തരം പറയേണ്ടവരാണ്.
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണത്. ഇതിന് പാർലമെന്റിനോടോ രാഷ്ട്രപതിയുടെ ഓഫീസിനോടോ ഉത്തരം പറയേണ്ടതില്ല. ഭരണഘടനയോട് മാത്രമാണ് ഇത് കടപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നട്ടെല്ല് നൽകുന്നത്. കാലം മാറി. അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് കമ്മിഷൻ അറിഞ്ഞിരിക്കണം. നിയമം എല്ലാ പൗരന്മാർക്കും തുല്ല്യമായതിനാൽ എഫ്ഐആറുകൾ റജിസ്റ്റർ ചെയ്യണം. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ കാവൽക്കാരൻ കമ്മിഷൻ ആയതിനാൽ കൃത്യമായ ഇടപെടൽ അനിവാര്യമാണ്. മാതൃകാ പെരുമാറ്റം ചട്ടം പരിഷ്ക്കരിക്കേണ്ട സമയം ആസന്നമായി, ലവാസ വ്യക്തമാക്കി.
ബൻസ്വാരയിലെ വിദ്വേഷ പ്രസംഗത്തിനുശേഷം മൂന്ന് ദിവസം പ്രചാരണത്തിൽനിന്നും മോദിയെ വിലക്കിയിരുന്നുവെങ്കിൽ അത് ഗുണകരമാകുമായിരുന്നു എന്നാണ് ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുംമെന്ന ചോദ്യത്തോട് മുൻ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ എസ്.വൈ ഖുറേഷി പ്രതികരിച്ചത്. എന്റെ കാലത്ത് നാല് മന്ത്രിമാർക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണലംഘനത്തിന് കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്നത്തെ സർക്കാർ അതിനോട് പ്രതികൂലമായി പ്രതികരിച്ചില്ല.
ചില കേസുകളിൽ കമ്മിഷൻ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. പക്ഷെ ചെറിയ നേതാക്കൾക്ക് എതിരെയാണത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തംലുക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായിയെ പ്രചാരണത്തിൽ നിന്ന് 24-മണിക്കൂർ കമ്മിഷൻ വിലക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരിഷ്കാരങ്ങൾ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നുള്ള അഭിപ്രായമാണ് മുൻ മുഖ്യതിരഞ്ഞടുപ്പ് കമ്മിഷ്ണർ ടി.എസ് കൃഷ്ണമൂർത്തി പ്രകടിപ്പിച്ചത്. നാല് പരിഷ്കാരങ്ങൾ നിർബന്ധമായും നടപ്പാകേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേകം നിയമം വേണം, ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് സിസ്റ്റം ഇല്ലാതാക്കണം, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു ദേശീയ ഫണ്ട് വേണം, ക്രിമിനൽ ഘടകങ്ങൾ അടിയന്തരമായി ഇല്ലാതാക്കണം എന്നിവയാണവ. കടുത്ത നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ സ്ഥാനാർഥികളെ അയോഗ്യരാക്കാനുള്ള അധികാരം ഇലക്ഷൻ കമ്മിഷന് ഉണ്ടാകണമെന്ന നിരീക്ഷണവും അദ്ദേഹം നടത്തി. അക്രമവും വിദ്വേഷ പ്രസംഗങ്ങളും വെച്ചുപൊറുപ്പിക്കരുതെന്നും ഇതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്കുമേൽ കെട്ടിവെക്കണമെന്നും കൃഷ്ണമൂർത്തി ആവശ്യപ്പെട്ടു.
മാറ്റം വേണമെന്ന ചിന്ത രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടെങ്കിൽ മാതൃകാ പെരുമാറ്റ ചട്ടത്തിൽ എന്തെല്ലാം പരിഷ്ക്കാരങ്ങൾ വേണമെന്ന് അവർക്ക് നിർദേശിക്കാവുന്നതേ ഉള്ളൂവെന്ന് ഇന്ത്യയുടെ 15ാം തിരഞ്ഞെടുപ്പ് കമ്മിഷ്ണർ എൻ.ഗോപാലസ്വാമി അഭിപ്രായപ്പെട്ടു. പക്ഷെ എവിടെയാണ് പ്രശ്നം? തിരഞ്ഞെടുപ്പ് കമ്മിഷ്ണർ പദവി വഹിച്ചതിനാൽ കമ്മീഷൻ നേരിടുന്ന വെല്ലുവിളി തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
2012-ൽ പഞ്ചാബിൽ നിയമഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ സുവർണ ക്ഷേത്രം സന്ദർശിക്കാനായി അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ സന്ദർഭം ഒരു മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഓർത്തെടുത്തു. എന്നാൽ, ഒരു ദശാബ്ദകാലത്തിനുശേഷം ഇന്ന് സ്ഥിതി ഏറെ വ്യത്യസ്ഥമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..
Content Highlights: Former chief election commissioners call for EC reforms
Published: 25 May 2024, 06:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented