മംഗളൂരു: കേരളത്തിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന മംഗളൂരു സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളേജസിലെ ഹോസ്റ്റൽ മെസിൽ ഭക്ഷ്യവിഷബാധ. മലയാളികൾ ഉൾപ്പെടെ നൂറ്റൻപതോളം വിദ്യാർഥികൾ മംഗളൂരുവിലെ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. ബി.എസ്‌സി. നഴ്സിങ്, ഫിസിയോതെറാപ്പി തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഞായറാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടത്.

To advertise here,

കോളേജ് അധികൃതരെ അറിയിച്ചപ്പോൾ വേണ്ട ഗൗരവം കാണിച്ചില്ലെന്ന് പരാതിയുണ്ട്. സംഭവം മറച്ചുവെക്കാനാണ് കോളേജ് അധികൃതർ ശ്രമിച്ചതെന്നും വിദ്യാർഥികൾ പറയുന്നു. തിങ്കളാഴ്ച ഛർദിയും വയറിളക്കവും ബാധിച്ചതോടെ വിദ്യാർഥികളെ കോളേജിന്റെ തന്നെ സിറ്റി ആശുപത്രിയിലേക്ക് മാറ്റി. അസുഖബാധിതരുടെ എണ്ണം കൂടിയപ്പോൾ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹോസ്റ്റൽ മെസിലെ വൃത്തിഹീനമായ ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെ ഹോസ്റ്റലിലെത്തി വിവരങ്ങൾ ആരാഞ്ഞു. ഹോസ്റ്റലും കോളേജും അനിശ്ചിതകാലത്തേക്ക് അടച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ജഗദീഷിന്റെ പരാതിയിൽ മാനേജ്മെന്റിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം അറിഞ്ഞ് കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുൾപ്പെടെ ഒട്ടേറെ രക്ഷിതാക്കൾ കോളേജിലെത്തി. അവരോട് സംസാരിക്കാൻപോലും കോളേജ് അധികൃതർ ആദ്യം തയ്യാറായില്ല. മംഗളൂരു എ.സി.പി. ധന്യ ആർ. നായ്ക്കിന്റെ നേതൃത്വത്തിലെത്തിയ പോലീസ് രക്ഷിതാക്കൾക്ക് കോളേജ് അധികൃതരുമായി സംസാരിക്കാൻ അവസരം ഒരുക്കി.

മെസിലെ ഭക്ഷണത്തെക്കുറിച്ച് ഒട്ടേറെ പരാതികൾ നിലവിലുണ്ട്. ഭക്ഷണത്തിൽ പുഴുവും പാറ്റയും കണ്ടെത്തിയ കാര്യം വിദ്യാർഥികൾ ചിത്രം സഹിതം വെളിപ്പെടുത്തി. ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ കോളേജ് മാനേജ്‌മെന്റും കോളേജിൽ പ്രവേശനം ഒരുക്കിനൽകിയ ഏജന്റും ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ചൊവ്വാഴ്ചയും വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട വിദ്യാർഥികളെ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയി. അൻപതിലേറെ വിദ്യാർഥികൾ ചികിത്സയിലാണ്

മികച്ച ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെ വിദ്യാര്‍ഥികളുടെ ദുരിത ജിവിതം

മംഗളൂരു: ഞങ്ങളുടെ പേര് പറയരുത്.കുറേ കാലമായി ഞങ്ങളിത് അനുഭവിക്കുന്നു.വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നു. പരാതിപ്പെട്ടാല്‍ ഭീഷണി. ഇത്ര വലിയ ആരോഗ്യപ്രശ്‌നം ഉണ്ടായപ്പോളും ഞങ്ങള്‍ക്കിത് തുറന്നുപറയാന്‍ പറ്റില്ല..പേരു പറയരുത്.ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഇവിടെനിന്ന് കോഴ്സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കിട്ടണം...'- ഭക്ഷ്യവിഷബാധയുണ്ടായ സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളേജസില്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് വിദ്യാര്‍ഥികള്‍ പങ്കുവെച്ച ഭീകരമായ അനുഭവവാക്കുകളാണിത്. ഇവിടെ പഠിക്കുന്നവരില്‍ മിക്കവരും മലയാളികളാണ്. ഭക്ഷ്യ വിഷബാധയേറ്റവരില്‍ ഏറെയും പെണ്‍കുട്ടികളും.

ഹോസ്റ്റല്‍ മെസില്‍നിന്ന് ഞായറാഴ്ച രാവിലെ ഗ്രീന്‍പീസ് കറിയും അപ്പവുമാണ് വിദ്യാര്‍ഥികള്‍ കഴിച്ചത്. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉച്ചയ്ക്ക് സോയാബീന്‍ കറിയും ചോറും കഴിച്ചു. വൈകീട്ടോടെ തന്നെ പലര്‍ക്കും ഛര്‍ദിയും വയറിളക്കവും വന്നു. ഇത് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചപ്പോള്‍ ഒ.ആര്‍.എസ്. ലായനി മാത്രമാണ് നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ പ്രശ്‌നം വഷളായി. പലരും കുഴഞ്ഞുവീണു. ശ്വാസം എടുക്കാന്‍ പറ്റാത്തത്ര ആരോഗ്യപ്രശ്‌നത്തിലായിരുന്നു വിദ്യാര്‍ഥികള്‍.

കുടിവെള്ളത്തില്‍ മാലിന്യം

കുടിക്കാനുള്ള വെള്ളത്തില്‍ മലിനജലം കലര്‍ന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കുടിവെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടായിരുന്നു. ചൂടാക്കി തരുന്നതിനാല്‍ അതില്‍ അസ്വാഭാവികത അനുഭവപ്പെട്ടില്ല. കുടിവെള്ള പൈപ്പ് ഭൂമിക്കടിയില്‍ എവിടെയോ പൊട്ടി അതില്‍ മലിനജലം കലര്‍ന്നതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ആരോഗ്യപ്രശ്‌നം മുന്‍പും

മകള്‍ക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ മകളെ വീട്ടില്‍ കൊണ്ടുവന്ന് ചികിത്സിക്കും. അസുഖം ഭേദമായാല്‍ വീണ്ടും കോളേജില്‍ കൊണ്ടാക്കും. അങ്കമാലിക്കാരനായ ഒരു രക്ഷാകര്‍ത്താവ് പറഞ്ഞു.

പലപ്പോഴും ഇവിടത്തെ ഭക്ഷണത്തെക്കുറിച്ച് മകള്‍ പരാതി പറയാറുണ്ടായിരുന്നു. പക്ഷേ, അത് കോളേജ് അധികൃതരെയോ ഹോസ്റ്റല്‍ അധികൃതരെയോ അറിയിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലായിരുന്നു. പരാതി പറഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും -അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായ മകളെ ചൊവ്വാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൂട്ടിയാണ് ആ അച്ഛന്‍ മടങ്ങിയത്.

18,000 രൂപ ഹോസ്റ്റല്‍ ഫീസ്, ഭക്ഷണത്തിന് 2,200 വേറെയും

18,000 രൂപ ഹോസ്റ്റല്‍ ഫീസും 2,200രൂപ ഭക്ഷണത്തിനും ഇടാക്കിയിട്ടും മികച്ച ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെയാണ് വിദ്യാര്‍ഥികളുടെ ജിവിതം. ഹോസ്റ്റല്‍ ജിവിതം മടുത്ത് പുറത്തുപോയി താമസിച്ചാലും ഹോസ്റ്റല്‍ തുകയായി 18,000 രൂപ അടച്ചേ പറ്റൂ എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.