
ന്യൂഡൽഹി: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തൃണമൂൽ കോൺഗ്രസിലെ രണ്ട് പ്രമുഖ വിഭാഗങ്ങൾ പാർട്ടി നാമത്തിനും ചിഹ്നത്തിനുമായി അവകാശവാദം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചതിനെ തുടർന്നാണ് അടിയന്തിര നടപടി.
മമതാ ബാനർജി നേതൃത്വം നൽകുന്ന വിഭാഗവും നിലവിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജി നേതൃത്വംനൽകുന്ന വിഭാഗവുമാണ് തൃണമൂൽ കോൺഗ്രസ് എന്ന പേരിനും ചിഹ്നത്തിനുംമേൽ അവകാശവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്. ഇരുവിഭാഗങ്ങളും പരസ്പരം ചിഹ്നം അവകാശപ്പെട്ട പശ്ചാത്തലത്തിലാണ് നിലവിലുള്ള പേരും ചിഹ്നവും മരവിപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.
പടിഞ്ഞാറൻ ബംഗാളിലെ നന്ദിഗ്രാം, റജിനഗർ എന്നീ മണ്ഡലങ്ങളിലും അസമിലെ നാവ്ഗാം മണ്ഡലത്തിലും നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇരുവിഭാഗങ്ങളും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തി നാമനിർദ്ദേശ പത്രിക നൽകിയിട്ടുണ്ട്. ബംഗാളിലെ മണ്ഡലങ്ങളിൽ പത്രികാ പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയം അടിയന്തിരമായി പരിഗണിച്ച് ഉത്തരവിറക്കിയത്.
വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനായി പുതിയ പേരും താല്പര്യമുള്ള മൂന്ന് ചിഹ്നങ്ങളും നിർദ്ദേശിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷൻ നൽകുന്ന സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽനിന്ന് ഏതെങ്കിലും മൂന്ന് ചിഹ്നങ്ങൾ നിർദ്ദേശിക്കാമെന്നും അതിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുൻപായി പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടിരുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സമയപരിധി അവസാനിക്കുന്നതിന് മുൻപുതന്നെ, വ്യാഴാഴ്ച രാത്രി 11:32-ഓടെ മമതാ ബാനർജി തങ്ങളുടെ പാർട്ടിക്ക് താല്പര്യമുള്ള പുതിയ പേരും മൂന്ന് ബദൽ ചിഹ്നങ്ങളും കമ്മീഷന് സമർപ്പിച്ചു. എന്നാൽ, കമ്മീഷന്റെ ഈ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് പുതിയ പേരും ചിഹ്നങ്ങളും കൈമാറുന്നതെന്ന് കത്തിൽ മമതാ ബാനർജി വ്യക്തമാക്കി.
നിലവിൽ തിരഞ്ഞെടുപ്പ് നടപടികൾ തടസ്സപ്പെടാതിരിക്കാനാണ് കമ്മീഷൻ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മമതാ ബാനർജിയും ഋതപ്രതാ ബാനർജിയും സമർപ്പിച്ച രേഖകളും പുതിയ നിർദ്ദേശങ്ങളും പരിശോധിച്ച്, ഇരുവിഭാഗങ്ങൾക്കും പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിക്കുന്നതിൽ കമ്മീഷൻ ഉടൻ അന്തിമ തീരുമാനമെടുക്കും.
Published: 18 Sept 2026, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented