പത്തനംതിട്ട: വിദേശസംഭാവന നിയന്ത്രണ (എഫ്.സി.ആർ.എ.)നിയമപ്രകാരം ഈ വർഷം മാർച്ച് 25 വരെ രാജ്യത്തേക്കുവന്നത് 22,000 കോടി രൂപയോളമെന്ന് കേന്ദ്രസർക്കാർ രേഖകൾ. 16,000-ത്തോളം സന്നദ്ധസംഘടനകൾക്കാണ് പണംവന്നത്. എന്നാൽ, ജൂൺ ആയപ്പോഴേക്കും സംഘടനകളുടെ എണ്ണം 14,000-ത്തിൽ താഴെയായി. രജിസ്‌ട്രേഷൻ റദ്ദാക്കൽ, പുതുക്കി നൽകാതിരിക്കൽ എന്നിവയാണ് കാരണമെന്ന് കരുതുന്നു.
എഫ്.സി.ആർ.എ.യ്ക്ക് നേരത്തേ കർശനവ്യവസ്ഥകളുണ്ടെങ്കിലും 2020-ലെ നിയമഭേദഗതിയോടെയാണ് കൂടുതൽ കർശനമായത്. ഇതോടെ ഫണ്ടുവാങ്ങുന്ന എൻ.ജി.ഒ.കളുടെ എണ്ണം കുറഞ്ഞു. മുൻപ് 30,000-ത്തോളം സംഘടനകളുണ്ടായിരുന്നു. കഴിഞ്ഞദിവസം കേന്ദ്രസർക്കാർ വരുത്തിയ ചട്ടഭേദഗതി കൂടുതൽ കർശനസ്വഭാവമുള്ളതാണ്. ഇതോടെ, വിദേശഫണ്ട് വാങ്ങുന്ന സംഘടനകൾ ഇനിയും കുറയാം. ഇത് ഒട്ടേറെ സാമൂഹികക്ഷേമ, വിദ്യാഭ്യാസ, ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിച്ചേക്കും.
ചട്ടത്തിൽ വന്ന മാറ്റങ്ങൾ മതപശ്ചാത്തലമില്ലാത്ത സന്നദ്ധസംഘടനകളെയും (എൻ.ജി.ഒ.) ബാധിക്കുമെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ജോണി പള്ളിവാതുക്കൽ പറഞ്ഞു. ‘കാരിത്താസ് ഇന്ത്യ’പോലെ ഇന്ത്യയിലൊട്ടുക്കും സാമൂഹികക്ഷേമ പ്രവർത്തനമുള്ള എൻ.ജി.ഒ.കളെ 2020-ലെ നിയമഭേദഗതിതന്നെ ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഗ്രാമീണമേഖലകളിൽ സാന്നിധ്യമുള്ള, എഫ്.സി.ആർ.എ. രജിസ്‌ട്രേഷനുള്ള വിവിധ എൻ.ജി.ഒ.കൾ വഴിയാണ് ഇവർ സന്നദ്ധസേവനങ്ങൾ നടത്തിയിരുന്നത്. സബ് ഗ്രാന്റിങ് എന്നാണ് ഇതിനുപറയുന്നത്. ഇതിനിപ്പോൾ അനുമതിയില്ല.
വിദേശഫണ്ട് വാങ്ങുന്ന ഓരോ എൻ.ജി.ഒ.യും എല്ലാവർഷവും ഡിസംബർ 31-നുമുൻപാണ് വാർഷികറിട്ടേൺ നൽകേണ്ടത്. ഇതിനൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് സർട്ടിഫിക്കറ്റ്, ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ്, വരവ്-ചെലവ് കണക്കുകളുടെ അക്കൗണ്ട്, ഭാരവാഹികളുടെ പട്ടിക, ഭാരവാഹികളുടെ സത്യവാങ്മൂലം, എൻ.ജി.ഒ.യുടെ പ്രവർത്തന റിപ്പോർട്ട്, ഭൂമി-കെട്ടിട വിവരങ്ങൾ, എൻ.ജി.ഒ.യുടെ സാമൂഹികമാധ്യമ അക്കൗണ്ട്, പ്രസിദ്ധീകരണവിവരങ്ങൾ എന്നിവ സമർപ്പിക്കണം. ക്രമക്കേടുകണ്ടെത്തിയാൽ സി.ബി.ഐ.യാണ് കേസെടുക്കുന്നത്. ഏതാവശ്യത്തിനാണോ പണം വാങ്ങുന്നത് അതിനല്ലാതെ ചെലവഴിക്കാൻ സാധ്യത തീരേയില്ലെന്നർഥം.
Content Highlights: Over 22,000 crore rupees received via FCRA by March 2026., Sharp decline in active NGOs due to strict registration renewals and cancellations., 2020 and 2026 legislative amendments have tightened foreign fund oversight., Sub-granting restrictions impact large-scale social welfare and rural development projects., Mandatory annual compliance includes audited balance sheets and social media disclosure.
Published: 28 Jun 2026, 07:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented