കൊല്‍ക്കത്ത: ഐഐഎം കൊല്‍ക്കത്തയിലെ ബോയ്‌സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി പീഡനത്തിരയായ സംഭവത്തില്‍ ട്വിസ്റ്റ്. തന്റെ മകള്‍ പീഡനത്തിനിരയായിട്ടില്ലെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകള്‍ പീഡനത്തിനിരയായില്ലെന്നും ഓട്ടോറിക്ഷയില്‍നിന്ന് വീണ് ബോധം നഷ്ടപ്പെടുകയാണ് ചെയ്തതെന്നും പിതാവ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് മകള്‍ ഓട്ടോറിക്ഷയില്‍നിന്ന് വീണെന്നും ബോധം നഷ്ടപ്പെട്ടെന്നും ആരോ ഫോണ്‍ വിളിച്ച് തന്നെ അറിയിച്ചതെന്ന് പിതാവ് വ്യക്തമാക്കി. എസ്എസ്‌കെഎം ആശുപത്രിയിലാണ് മകള്‍ ഉള്ളതെന്നും പോലീസാണ് മകളെ രക്ഷപ്പെടുത്തി അവിടെ എത്തിച്ചതെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് തന്നെ അറിയിച്ചതായി പിതാവ് പറഞ്ഞു. 'ഞാന്‍ എന്റെ മകളോട് സംസാരിച്ചു. ആരും തന്നോട് മോശമായി പെറുമാറിയില്ലെന്ന് അവള്‍ പറഞ്ഞു. എനിക്ക് എന്റെ മകളെ തിരികെകിട്ടി. അവള്‍ നോര്‍മലാണ്. പോലീസ് അറസ്റ്റ് ചെയ്ത ആളുമായി മകള്‍ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. മകളോട് കൂടുതല്‍ സമയം എനിക്ക് സംസാരിക്കാന്‍ സാധിച്ചില്ല. അവള്‍ ഉറങ്ങുകയാണ്. ഉണരുമ്പോള്‍ ഞാന്‍ അവളോട് വിവരങ്ങള്‍ ചോദിച്ച് അറിയും', പിതാവ് വ്യക്തമാക്കി. പരാതിയുടെ ഭാഗമായി പോലീസ് മൊഴി എഴുതിനല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ അവള്‍ അത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത ഐഐഎം വിദ്യാര്‍ഥിനി ബോയ്‌സ് ഹോസ്റ്റലില്‍ പീഡനത്തിനിരയായതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൗണ്‍സലിങ് സെഷനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ എഫ്‌ഐആറിലുള്ളത്. പരമാനന്ദ് എന്ന യുവാവിനെയാണ് പോലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്. കോടതി ഇയാളെ ജൂലായ് 19 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തന്റെ കക്ഷിയെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് പരമാനന്ദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
Content Highlights: father says his daughter have not been raped in iim calcutta
Published: 12 Jul 2025, 07:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented