ന്യൂഡൽഹി: ബോളിവുഡ് ചിത്രം 'സ്പെഷ്യൽ 26' രീതിയിൽ ഡൽഹിയിൽ വ്യാജ സി.ബി.ഐ. റെയ്ഡിന് ശ്രമം. വ്യവസായിയുടെ വീട്ടിൽ സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ പത്തോളം പേരടങ്ങുന്ന സംഘമാണ് റെയ്ഡ് എന്ന പേരിൽ തട്ടിപ്പിന് ശ്രമിച്ചത്. എന്നാൽ, വീട്ടിലുണ്ടായിരുന്ന വ്യവസായിയുടെ ഭാര്യയുടെ സന്ദർഭോചിതമായ ഇടപെടലിൽ സംഘം ദൗത്യം ഉപേക്ഷിച്ച് സ്ഥലംവിട്ടു. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം.
വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിന് ഗേറ്റ് തുറന്നുനൽകാൻ വ്യവസായിയുടെ ഭാര്യ തയ്യാറായില്ല. പകരം തിരിച്ചറിയൽ കാർഡും സെർച്ച് വാറന്റും കാണിക്കാൻ ആവശ്യപ്പെട്ടു. അവർ വീണ്ടും സമ്മർദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും താൻ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നെന്ന് സ്ത്രീ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഏകദേശം 90 മിനിറ്റോളം വീടിനുമുന്നിൽ തങ്ങിയ സംഘത്തിന്റെ സംശയാസ്പദമായ നീക്കങ്ങൾ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ആളുകൾ തടിച്ചുകൂടി ഇവരെ ചോദ്യംചെയ്യുകയും ചെയ്തു.
വാറന്റും രേഖകളും വാഹനത്തിലുണ്ടെന്നും അതെടുത്തുകൊണ്ടുവരാമെന്നും പറഞ്ഞ് വാഹനം ലക്ഷ്യമാക്കി നീങ്ങിയ സംഘം ഉടൻതന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് കുടുംബം 112 എന്ന അടിയന്തര ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഘം വന്ന വാഹനവും ആളുകളുടെ എണ്ണവും തിരിച്ചറിയാൻ പൊലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
സി.ബി.ഐ. ചിഹ്നമുള്ള വസ്ത്രങ്ങളും തിരിച്ചറിയൽ കാർഡുകളും ധരിച്ചാണ് തട്ടിപ്പുകാരെത്തിയത്. ഇതിനുപുറമേ, വ്യവസായിയുടെ പിതാവിന് സി.ബി.ഐ. ഡയറക്ടറുടെ പേരിലുള്ള വ്യാജ നോട്ടീസ് വാട്സാപ്പിൽ സന്ദേശമായി അയക്കുകയും ചെയ്തിരുന്നു. സന്ദേശം അയച്ചയാൾ പിന്നീടത് ഡിലീറ്റ് ചെയ്തെങ്കിലും കുടുംബം ഇതിനകം സ്ക്രീൻഷോട്ടെടുത്തിരുന്നു. അതും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Content Highlights: A group of 8-10 men posed as CBI officers to conduct a fake raid at a Rohini businessman's residence., The businessman's wife demanded a search warrant and ID verification, stalling the suspects., Local residents gathered due to suspicion, prompting the fake officers to flee.
Published: 20 Aug 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented